Nov 25, 2009

“കരട്.!“

ലങ്ങിയ മുഖവും അതിലേറെ കലങ്ങിയ മനസ്സുമായിട്ടവന്‍ അവിടെനിന്നിറങ്ങി നടന്നു. നടവഴി തീരുന്നിടത്ത് നിന്നിട്ടവന്‍, അവസാനമായിട്ടവളെയൊന്ന് തിരിഞ്ഞു നോക്കി.... ചാട്ടുളി പോലെ പറന്ന ആ നോട്ടം, മുന്നില്‍ നിരന്ന് നിന്നിരുന്ന അവളുടെ അപ്പന്റെയും അമ്മാവന്മാരുടെയും തോളിന്റെ ഇടയിലൂടെ ആ പൂമുഖം കടന്ന്, കൃത്യം അവളുടെ കണ്ണില്‍ തന്നെ തറച്ചു. നല്ലതാണേലും, അല്ലേലും; കണ്ണിനെന്നും, എന്തും കരട് തന്നെ... അവള്‍ടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകിത്തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി, അവളുടെ സ്വപ്നങ്ങളുടെയും ജീവിതത്തിന്റെയും നെയ്ത്തുകാരനായിരുന്ന അവന്‍, പിന്നികീറിയ മോഹങ്ങളുമായി ആ വീടിന്റെ നടവഴി കടന്ന്, അവളുടെ ജീവിതത്തിന്റെ പടിയിറങ്ങി...

മൂന്നാംപക്കം, സാമാന്യം നല്ലൊരു വില പറഞ്ഞുറപ്പിച്ച്; അവള്‍ടെ അപ്പന്‍, അവള്‍ടെ കല്യാണം റോയിച്ചനുമായി നിശ്ചയിച്ചു... മുന്‍പ് കണ്ണില്‍ പറന്നു വീണ ആ കരട് അന്ന് വീണ്ടും ഒന്നിളകി.... രണ്ട് കണ്ണും നിറഞ്ഞൊഴുകിത്തുടങ്ങി. അന്നും, അതിനു ശേഷവും അവളൊരുപാട് തവണ, ഒരുപാട് വെള്ളമൊഴിച്ച് കണ്ണ് കഴുകി, എന്നിട്ടും.....

ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും, കഴിഞ്ഞ ദിവസം നിറഞ്ഞ വയറും വെച്ച് റോയിച്ചന്റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ആ ഷര്‍ട്ടില്‍നിന്ന് അവള്‍ടെ മൂക്കിലേക്കടിച്ച ആ പെര്‍ഫ്യൂമിന്റെ മണം വീണ്ടും അവളുടെ കണ്ണിലെ ആ കരടൊന്നിളക്കി വിട്ടു. കണ്ണല്ലേ, ഉടനെ നിറഞ്ഞും തുടങ്ങി...

അതിനുമുമ്പ്, ഒരു ദിവസം വൈകുന്നേരം റോയിച്ചന്‍ നിര്‍ബന്ധിച്ച് ബീച്ചില്‍ പോയിരുന്നപ്പോ, പുള്ളി അവളുടെ കയ്യിലെ വരകളെണ്ണി കളിച്ച് തുടങ്ങിയപ്പോ, ആഞ്ഞടിക്കുന്ന ആ കടല്‍ക്കാറ്റില്‍, വീണ്ടും അവളുടെ കണ്ണിലെ ആ കരടിളകി... റോയിച്ചന്‍ കാണാതെ ഒരുപാട് കൈ ഇട്ട് തിരുമ്മിയിട്ടും, ആ കരട് ഇളകി അവളുടെ കയ്യില്‍ പോന്നില്ല...

അതിനുംമുമ്പ്, ദിവസം തീരാന്‍ സെക്കെന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ, അവളുടെ മുകളില്‍ കിടന്ന് ഇളകിയാടി തിമിര്‍ക്കുന്ന റോയിച്ചന്റെ മുടിക്കിടയിലൂടെ ചേര്‍ത്ത് പിടിക്കാനായിട്ടവള്‍ കൈ നീട്ടിയപ്പോ..
ആ കരട് കണ്ണില്‍കിടന്നൊന്നിളകി... ‘ഇര‘ ആനന്ദാശ്രു പൊഴിച്ച ചാരിതാര്‍ഥ്യതില്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ റോയിച്ചന്‍ കിടക്കയിലേക്ക് ചരിഞ്ഞു.....

മാസങ്ങള്‍ക്ക് ശേഷം, ഇന്ന്; ലേബര്‍ റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു ഓപറേഷന്‍ പോലുമില്ലാതെ,
ആ ‘കരട്’ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് നേഴ്സ് പറഞ്ഞു..
“ആണാ”

ആശുപത്രി വരാന്തയിലെ ചുമരിലെവിടെയോ തൂക്കിയ അവസാന ഉയര്‍പ്പിന്റെ ചിത്രം,
ഒരു ഇളം കാറ്റ്‌ പോലുമില്ലാഞ്ഞിട്ടും ഒന്നിളകിയാടി നിന്നു...

Nov 18, 2009

നിധി തേടുന്നവര്‍..!


രെയും ബുദ്ധിമുട്ടിക്കാതെ, വളരെ മാന്യമായി, ഓടിനിടയിലൂടെ തലകീഴായി താഴോട്ടിറങ്ങുമ്പോള്‍;
ഒരു കുഞ്ഞു നിധിയുമുള്ളിലൊളിപ്പിച്ച്, ഒരു നേര്‍ത്ത ശബ്ദം പോലുമുണ്ടാക്കാതെ, അവനു വേണ്ടിയെന്ന പോലെ കാത്തു കിടക്കുന്ന ഒരു കിടപ്പുമുറിയല്ലാതെ അവനൊന്നും ആഗ്രഹിച്ചില്ലായിരുന്നു......... വെളിച്ചത്തിന്റെ നേരിയ ലാഞ്ചന പോലുമില്ല…ഭാഗ്യം….
ശീലം പഠിപ്പിച്ച പാഠങ്ങള്‍ ഓര്‍ത്തിട്ടെന്ന പോലെ അവന്‍ പകുതിവഴിയില് ഒന്നു നിര്‍ത്തി,
പതുക്കെ ചുറ്റുമൊന്നു കണ്ണോടിച്ചു…

ഛെ….നാശം…….
ഇതാരാണപ്പാ…ഞാനറിയാതെ എന്റെ ഈ ഏരിയയില്…. അതും ഞാന്‍ നോട്ടമിട്ടിടത്ത് ഞാനെത്തുന്നതിനു മുന്പേ….. അതും ഈ സാരിയില് തൂങ്ങി… ഏതായാലും ഏതോ വരുത്തനായിരിക്കും, ഉറപ്പാ… ഇന്നത്തെ മെനക്കേട് വെറുതെയായെന്നാ തോനുന്നേ….. ഏതായാലും അവനെയൊന്നു കണ്ടിട്ട് തന്നെ…..

ഓടിന്പുറത്തെ ഗ്യാലറിയില് ‘വരുത്തനെ’ കാണാനായിട്ടവനിരിപ്പുറപ്പിച്ചു, ഒരു ബീഡിയും കത്തിച്ചു…
നാശം… അവനൊരു ചെറിയ ടോര്‍ച്ചെങ്കിലും കത്തിച്ചൂടെ…. മുടിയാനായിട്ട് നിഴലല്ലാതെ ഒന്നും കാണുന്നില്ലല്ലോ….

ഇവനെന്താ ഈ കാണിക്കുന്നെ……. കസേരയില് കയറി മുകളിലെന്തോന്നാ ഇവനീപ്പരതുന്നേ….?
അയ്യോ…. അവന്‍ പിടഞ്ഞു കളിക്കുവാണല്ലോ…. അവന്റെ കരച്ചിലെന്താ അവളെപ്പോലെ….
അതവനല്ല അല്ലേ…അവളു തന്നാ ലേ… താഴേക്കിറങ്ങണൊ…..
അവസാനപിടച്ചിലിനു മുന്‍പേ ആ കാലു പിടിച്ചൊന്നുയര്‍ത്തണോ…

അല്ലേല്‍ തന്നെ കള്ളനെന്നാ പേര്…. ഇനി അതു കൊലപാതകി എന്നാക്കികൊടുക്കണോ...
വിളിക്കുന്നവര്‍ക്ക് രസം കൂടുമെങ്കിലും, കേള്‍ക്കാന്‍ ഒരു രസവുമുണ്ടാവില്ല...
വെറുതേ എന്തിനാ....

ശവം നല്ല ശകുനമാണെന്നെവിടെയോ കേട്ട ഓര്‍മ്മയില്‍, ഓടടുക്കി,
അവനെയും കാത്തെന്നപോലെ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന കറുത്ത റോഡിലേക്കിറങ്ങി നടന്നവന്‍.....
ഒരു കുഞ്ഞു നിധിയുമുള്ളിലൊളിപ്പിച്ച്, ഒരു നേര്‍ത്ത ശബ്ദം പോലുമുണ്ടാക്കതെ,
അവനു വേണ്ടിയെന്ന പോലെ കാത്തു കിടക്കുന്ന കിടപ്പുമുറി തേടി അടുത്ത വീട്ടീലേക്ക്......

Nov 7, 2009

നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...
കൊല്ലണമായിരുന്നു അവളെയെനിക്ക്;
പക്ഷെ ഉയിരറ്റ് പോകുന്ന
അവസാന മിടിപ്പിലുമവള്‍ മന്ത്രിക്കും
നിന്നെയെനിക്കിഷ്ടമാണ്...

ഒഴിവാക്കണമായിരുന്നവളെ, മറവിയുടെ
കാണാക്കയങ്ങളിലേക്കുരുട്ടിയിട്ട്
ആര്‍ത്തനാദത്തിനിടയിലും പറയു-
മവള്‍, നിന്നെയെനിക്കിഷ്ടമാണ്....

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി മാറുമ്പോള്‍,
വീട് വര്‍ഷങ്ങളുടെ നോക്കുകൂലി തിരികെ ചോദിക്കുമ്പോള്‍,
ചോദ്യങ്ങള്‍ ചാട്ടുളിയായി ഉയരുമ്പോള്‍;
കൊല്ലണമായിരുന്നു അവളെയെനിക്ക്....

എങ്കിലും എന്നെങ്കിലും
ഓര്‍മ്മയുടെ മൃതസഞ്ജീവനി രുചിച്ച്,
മറവിയുടെ കണ്ണ് വെട്ടിച്ച്,
ഉയര്‍‌ത്തെഴുന്നെല്‍ക്കുമവള്‍; ഉറപ്പ്‌.
കാരണം,
നിന്റെ പേരെന്താണെന്നതിനു ഉത്തരം
എനിക്കിന്നുമെന്നും ഒന്നല്ലേയുള്ളൂ...

Oct 28, 2009

പലതരം കാത്തിരിപ്പില്‍ ഒരുതരം...കണ്ടിട്ടേ പോണുളളൂന്ന് പറഞ്ഞിട്ടിരുന്ന ആളാ
ചായ കഴിഞ്ഞപ്പോള്‍ ഒന്ന് ഇളകി,
ഊണ് കഴിഞ്ഞപ്പോള്‍ ഇറങ്ങി;
ഇടവഴിയിലെങ്ങാന്‍ വെച്ച് പരസ്പരം മുട്ടി പോലും
ഊണിന്റെ അലസ്യമാവാം, നോക്കിയേ ഇല്ല പോലും...

Oct 13, 2009

മഴപ്പാറ്റകളുടെ ചിറക്‌ കൊഴിയുമ്പോള്‍...


നിയോണ്‍ ബള്‍ബിന്റെ അരണ്ട വെളിച്ചം ആ വലിയ മുറിക്ക്‌ ഒന്നുമല്ലായിരുന്നു. നേരെത്തെ പെയ്തു നിര്‍ത്തിയ മഴയില്‍ ജീവന്‍ വെച്ച മഴപ്പാറ്റകള്‍, അടുത്ത ക്ഷണത്തില്‍ തങ്ങളുടെ ജീവന്‍ പൊലിയുമെന്ന് അറിഞ്ഞോ അറിയാതെയോ ആ വെളിച്ചത്തിന് ചുറ്റും പറന്നു നടന്നു.
കുറച്ചു നേരത്തെ ഒരു ഒതുങ്ങലിനു ശേഷം പുറത്ത് മഴ വീണ്ടും കനക്കുകയായിരുന്നു....

മുഖം കാല്‍മുട്ടുകള്‍ക്കിടയില്‍ പൂഴ്ത്തി, അടിവസ്ത്രത്തിന്റെ മാത്രം കാരുണ്യത്തില്‍ നഗ്നത മറച്ചിരിക്കുകയായിരുന്നു റഹിം അപ്പോള്‍. അരമണിക്കൂര്‍ മുന്‍പ്‌ അവസാനിച്ച ചോദ്യം ചെയ്യലിന്റെ നീറ്റല്‍ ആയിരുന്നു ആ ദേഹം മുഴുവന്‍.പക്ഷെ ആ മര്‍ദ്ദനത്തിന്റെ വേദനകളോ, നീറ്റലോ, ആ മുപ്പത്തിനാല് വയസ്സുകാരന്റെ മനസ്സിനുള്ളിലെക്ക് ഇറങ്ങി ചെന്നിരുന്നില്ല...അത് ആ തൊലിപ്പുറത്ത് മാത്രം തളം കെട്ടിക്കിടക്കുകയായിരുന്നു.....
എന്നിട്ടും അയാളുടെ മനസ്സ് കിടന്നു പിടയുന്നുണ്ടായിരുന്നു, നീറി നീറി ഉരുകുന്നുണ്ടായിരുന്നു..
കാരണം, അരമണിക്കൂര്‍ മുന്‍പ്‌ അയാള്‍ ഒരു തീവ്രവാദിയായി....അയാള്‍ പോലുമറിയാതെ....

ഇനി അയാളും, അയാളുടെ കുടുംബവും സമൂഹത്തിന്റെ കണ്ണില്‍ ഒരു കരട് ആയി,
തീവ്രവാദികളുടെ ലേബലും ചുമന്ന് ജീവിക്കേണ്ടി വരും..
അയാളുടെ മകളും ഭാര്യയും ഇനി എന്നും സംശയത്തിന്റെ നിഴലില്‍ ആവും...
റഹിം വിതുമ്പുകയായിരുന്നു.
ഒരുപാട് ചിന്തകളുടെ ഒരുമിച്ചുള്ള തള്ളലിനോട് ജയിക്കാന്‍ കഴിയാതെ ആവണം,
അയാളുടെ കണ്ണിന്റെ കോണില്‍ നിന്നു ഒരു കുഞ്ഞുതുള്ളി പുറമേക്ക് ഇറങ്ങി നിന്നു..


വര്‍ക്ക്‌ സൈറ്റില്‍ ഉള്ള തമിഴന്‍ സെല്‍വനും, റൂമില്‍ ഒപ്പമുള്ള അഗസ്ടിനും ഷിബുവിനും, അവര്‍ എപ്പോഴും ആവശ്യപ്പെടുന്ന കോഴിക്കോടന്‍ ഹലുവയും വാങ്ങി, ഒരു വെള്ളകവറും ഒരു എയര്‍ബാഗും പിടിച്ച് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് റഹിം; കഴിഞ്ഞ എട്ടു വര്‍ഷമായി അയാള്‍ പണിയെടുത്തു കൊണ്ടിരിക്കുന്ന ഹൈദെരാബാദിലെ പണിസ്ഥലത്തെക്ക് തിരിച്ചു പോവാന്‍.
തിങ്കളാഴ്ച എങ്കിലും പണിക്ക്‌ കയറിയില്ല എങ്കില്‍ ആ പണി പോയതില്‍ കൂട്ടിയാല്‍ മതി, അയാള്‍ ആലോചിച്ചു.
മൂന്നു ആഴ്ച മുന്‍പ്‌ പണിസ്ഥലത്ത് വെച്ച് ചിക്കെന്പോക്സ് പിടിച്ചപ്പോള്‍, കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക്‌ വന്ന റഹിം, അസുഖം ഭേദമായി ഇന്ന് തിരിച്ചു പോകാനിറങ്ങിയതാണ്,
അതിനിടയിലാണ് പെട്ടന്ന് അയാള്‍ തീവ്രവാദിയായത്.

ഈ വേദനകള്‍ക്കിടയിലും, താന്‍ പോലുമറിയാതെ തെന്റെ ജീവിതത്തിന്റെ കഴുത്തില്‍ വീണ
കയറിന്റെ ഇഴ പിരിച്ചെടുക്കാനുള്ള കഠിനശ്രമത്തില്‍ ആയിരുന്നു റഹിം....
ട്രെയിന്‍ വരാന്‍ ഇനിയും സമയം ഉണ്ട് എന്ന് കേട്ടപ്പോള്‍ ആണ്, റയില്‍വേ സ്റ്റേഷന്റെ പിറകിലുള്ള, കാടുമൂടിക്കിടക്കുന്ന സ്ഥലത്തേക്ക്‌ നീങ്ങി നിന്ന് ഒരു സിഗരെറ്റിനു തീ കൊളുത്താന്‍ റഹിം ആലോചിച്ചത്‌.
നേരത്തെ സ്റ്റേഷനില്‍ എത്തിയാല്‍ സാധാരണ ചെയ്യുന്നതുമാണ്. നീങ്ങി നിന്ന് ബാഗും കവറും താഴെ വെച്ച്, സിഗരറ്റ് എടുത്ത് കത്തിക്കുന്നതിന് മുന്‍പ്‌ പോലീസുകാര്‍ ആരേലും വരുന്നുണ്ടോ എന്ന് നോക്കാനായി, രണ്ടു വശത്തേക്കും ഒന്ന് കണ്ണോടിച്ചു. അപ്പുറത്ത് നിന്നും രണ്ടു പേര്‍ നടന്നു വരുന്നത് റഹിം കണ്ടു,
പക്ഷെ കാക്കി അല്ല.എന്നാലും വേണ്ട അവര്‍ പോയിട്ട് വലിക്കാം എന്ന് കരുതി അവിടെ തന്നെ നിന്ന
റഹിം ആണ്,അതിനു ശേഷം, ഇപ്പോള്‍, കൃത്യം ഏഴര മണിക്കൂര്‍ കഴിയുമ്പോളേക്കും ഉധ്യോഗസ്ഥരുടെ
കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ ആയി മാറിയ തീവ്രവാദി ആയത്....
നടന്നു വന്നവര്‍, സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ആയിരുന്നു....

ഒടുവില്‍,
ഇപ്പോളാണ് റഹിമിന് കാര്യങ്ങള്‍ ഒക്കെ മനസിലായി തുടങ്ങിയത്‌ ..
പനിച്ച് വിറച്ച് കണ്ണൂര്‍ സ്റ്റേഷനില്‍ റഹിം വന്നിറങ്ങിയപ്പോള്‍, ഓട്ടോരിക്ഷയിലെക്ക് ബാഗ്‌ എടുത്തു വെക്കാന്‍ സഹായിച്ച്, ചിരിച്ചു കടന്നു പോയ കണ്ണട വെച്ച മനുഷ്യനെ അയാള്‍ രണ്ടു ദിവസം മുന്‍പത്തെ
പത്രത്തിന്റെ മുന്‍പേജില്‍ പോലീസുകാരുടെ നടുവില്‍ കണ്ടിരുന്നു.....
ചിക്കെന്പോക്സ് കൊണ്ട് മുഖത്ത്‌ ഉണ്ടായ കലകള്‍ മറയ്ക്കുവാന്‍
റഹിം നീണ്ട താടി വെച്ചിട്ടുണ്ടായിരുന്നു...
വെള്ളമുണ്ട് റഹിം ഇടത്തോട്ടായിരുന്നു ഉടുത്തിരുന്നത്...
കയ്യില്‍ കണ്ണൂര്‍- ഹൈദേരാബാദ് ട്രെയിന്‍ ടിക്കറ്റ്‌ ഉണ്ടായിരുന്നു...
പിന്നെ,
ചോദ്യം ചെയ്യലിനിടയിലെ ആക്രോശങ്ങള്‍ക്കിടയില്‍ മാത്രമാണ് ഈ
കാരണങ്ങളൊക്കെ മനസ്സിലാക്കിയത്‌ എന്ന വലിയ കുറ്റവും.....

പുറത്ത്‌ വെളിച്ചത്തിനായി പറന്ന് പറന്ന് തളര്‍ന്ന,
മഴപ്പാറ്റകള്‍ ചിറകു കൊഴിഞ്ഞ് മണ്ണിലേക്ക് വീഴുകയായിരുന്നു അപ്പോള്‍....

Oct 8, 2009

പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്..!!


സമയം നട്ടുച്ച....
നഗരമധ്യത്തിലെ പെട്രോള്‍ പമ്പിലെക്ക് വിപരീത ദിശയില്‍ നിന്ന് വന്ന രണ്ടു ബൈക്കുകള്‍ ദാഹശമനത്തിനായി നിര്‍ത്തി.
ചുവന്ന സാരിയില്‍ നാണവും കറുത്ത ഹെല്മെട്ടിനുള്ളില്‍ മുഖവും മറച്ച്, ഭര്‍ത്ത്സുഹൃത്തിന്റെ പിറകില്‍ അരയിലോട്ടിപ്പിടിച്ചിരുന്നവള്‍ അപ്പോള്‍ പ്രാര്തിക്കുകയായിരുന്നു.
ഗാന്ധിനഗര്‍ കോളനിയില്‍ ഏഴാം നമ്പര്‍ വീട്ടില്‍ താമസിക്കുന്ന തന്നെ ആരും തിരിച്ചറിയരുതെ എന്ന്.
തൊട്ടടുത്ത നിര്‍ത്തിയിട്ട ബൈകിന്റെ മുന്‍സീറ്റില്‍ നിന്നും അതെ പ്രാര്‍ത്ഥന ഒരു വ്യത്യാസവുമില്ലാതെ മുകളിലേക്ക്‌ ഉയരുന്നത് എന്തോ അതിനിടയില്‍ അവള്‍ ശ്രദ്ധിച്ചില്ല.

Oct 7, 2009

ഒളിച്ചോട്ടംഇന്ന്
രാവിലെ ഉണര്‍ന്നെണിറ്റപ്പോ
'എന്നെ കാണാനില്ല.....!!!!'

ഇന്നലെ
രാത്രി,
ലഹരി വീതം വയ്ക്കുമ്പോള്‍
എന്നെ നോക്കി ചിരിച്ചവരുണ്ട്.
ചുവന്ന വെളിച്ചം
തെളിയുന്ന 'മാംസ'ളശാലയില്‍
വിലപേശുന്ന എന്നെ വിളിച്ചവരുണ്ട്.
താളിപണയക്കടയുടെ പിറകിലും
ചൂതാട്ട മേശയ്ക്ക്‌ മുന്നിലും
എന്നെ കണ്ടവരുണ്ട്.

എന്നിട്ടും,
ഇന്ന്
ഉണര്‍ന്നെണിറ്റപ്പോ
എന്നെ കാണാനില്ല.

ഏതായാലും ആശ്വാസമായി.
ഇന്നാണല്ലോ
പാല്‍ക്കാരനും,
പത്രക്കാരനും,
പലച്ചരക്കുക്കടക്കാരനും,
പറ്റുബുക്കുമായി വരുക....

Oct 3, 2009

മണ്‍വെട്ടികുളം കുഴിക്കാന്‍,
കുഴിച്ചതിനെ മണ്ണിട്ട്‌ മൂടുവാന്‍,
ചീത്തകള്‍ കോരിയിടാന്‍,
വൃത്തിയാക്കുവാന്‍,
കെട്ടുറപ്പിക്കാന്‍ കൂട്ടുണ്ടാക്കാന്‍,
കെട്ടിയതിടിച്ചിടാന്‍,
വായില്‍ക്കിടക്കുന്നതിനെക്കാള്‍
ഗുണമുള്ളൊരു
മണ്‍വെട്ടി കണ്ടിട്ടില്ലിതുവരെ.

Sep 30, 2009

പെണ്ണെന്നും....!!!!കാറിനകത്തിരുന്നു അവളുടെ വിരലുകള്‍ മുഴുവനും ഫോണിന്റെ മുകളിലുടെ ഓടി നടക്കുകയായിരുന്നു.....
വിവരമറിഞ്ഞുടനെ കാറുമെടുത് പുറപ്പെട്ടതാണവര്‍,
കമ്പനിയിലേക്ക് നാല് വരിയില്‍ ഓരോ മെയിലും അയച്ച്.

രാത്രി, നനുത്ത ആ ചാറ്റല്‍ മഴയില്‍ അവളുടെ വീട്ടിലേക്ക്‌ അതിവേഗം കാര്‍ ഓടിച്ചുക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന ഭാര്യയെ നോക്കി അത്ഭുതപ്പെടുകയായിരുന്നു.
സ്വന്തം അച്ഛന്‍ പെട്ടന്ന് മരിച്ച വിവരമറിഞ്ഞിട്ടും അവളൊന്നു കരഞ്ഞിട്ടില്ല ഇതുവരെ.
അവളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പോലും പൊടിഞ്ഞിട്ടില്ലിതുവരെ.
'അവളുടെ സെല്‍ഫ് കണ്ട്രോള്‍ അപാരം തന്നെ. അല്ലേലും ഈ പെണ്ണുങ്ങള്‍ക്ക്‌ ആണുങ്ങളെക്കാള്‍ മനശക്തി ഉണ്ടാവും എന്ന് പറയുന്നത് നേര് തന്നെയാ.'
അയാള്‍ സ്വയം പറഞ്ഞു.

ബെന്ഗ്ലൂരില്‍ നിന്ന്, ഇതാ ഇവിടെ, അവളുടെ വീട് എത്തുന്നത്‌ വരെ അവളൊരക്ഷരം മിണ്ടിയിട്ടില്ല.
ഒരു തുള്ളി കണ്ണീര്‍ പോലും...
മുഴുവന്‍ സമയവും അവളുടെ വിരലുകള്‍ അവളുടെ ആ E സീരീസ്‌ ഫോണിലുടെ ഓടി നടക്കുകയായിരുന്നു.

അവളുടെ വീട്ടില്‍ നിന്നുള്ള കരച്ചിലിന്റെ ആ ശബ്ദം, ദാ ഇവിടെ വരെ കേള്‍കാം.
അടുത്ത വീട്ടില്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത ഇറങ്ങാന്‍ ഭാവിക്കുമ്പോള്‍ അയാള്‍ ആലോചിച്ചു.
പെട്ടന്ന് അവള്‍ അയാളെ തടഞ്ഞു.
പ്ലീസ് വിവേക്‌, ഒരു ഫൈവ് മിനുട്സ് ...
കരഞ്ഞു തളര്‍ന്ന തന്റെ അമ്മയെയും, സഹോദരങ്ങളെയും കാണുമ്പോള്‍ മനസ്സ് തന്റെ പിടി വിട്ടു പോവാതിരിക്കാന്‍ ഒരല്പം സമയം അവള്‍ക്ക്‌ വേണ്ടി വരും, അയാള്‍ അവിടെതന്നെ ഇരുന്നു.
മൊബൈല്‍ മാറോടടക്കി പിടിച്ച്, എന്തോ കാത്തിരിക്കുന്ന ഒരു ഭാവത്തോടെ കാറിന്റെ സീറ്റിലേക്ക് ചാരി ഇരിക്കുകയാണവള്‍, അയാള്‍ അവളെ സഹതാപത്തോടൊന്നു നോക്കി.

പെട്ടന്ന് അവളുടെ മൊബൈലില്‍ ഒരു ബീപ് ബീപ് ശബ്ദം.
എവിടെ നിന്നോ ഒരു SMS അവളെ തേടി വന്നിരിക്കുന്നു.
കണ്ണടച്ച് കിടന്നിരുന്ന അവള്‍ അതുവരെ ഇല്ലാതിരുന്ന ഒരു ഉത്സാഹത്തോടെ ആ മെസ്സേജ് തുറന്നു.
അതിങ്ങനെ വായിക്കാമായിരുന്നു.
മുഖത്തിന്റെ മൃദുലതയും തിളക്കവും നഷ്ട്ടപ്പെടാതിരിക്കാന്‍, കരയുമ്പോള്‍ ശ്രധികേണ്ടത്....!!!

ഒരു നിമിഷം; അവളുടെ കണ്ണ് നിറയാന്‍ തുടങ്ങുന്നത് അവന്‍ കണ്ടു.
പിന്നീട് അത് ഒരു കടലായി ഒഴുകാന്‍ അധികം സമയം വേണ്ടി വന്നില്ല.

Sep 23, 2009

'ഷിഫ്റ്റ്‌ ചെയ്ന്ജ്‌'സമയം: 7 മണി
അസ്തമയത്തിന്റെ കൂടി പണികള്‍ തീര്‍ത്ത്
ദൈവം ഉറങ്ങാന്‍ തുടങ്ങി...
പിശാച് നടക്കാനും...

Sep 22, 2009

സത്യം എന്ന സത്യം...
"അമ്മേ.... എന്റെ ഏതു കയ്യിലാ മുട്ടായി ഉള്ളെ....പറ...പറ..."
വാതിലിനിടയില്‍ നിന്നും നാല് വയസ്സുകാരന്‍ ഉണ്ണികുട്ടന്‍ പ്രത്യക്ഷപ്പെട്ടു....ചുരുട്ടി പിടിച്ച തന്റെ രണ്ടു കൈകളും നീട്ടി. പത്രത്തില്‍ നിന്നും തലയുയര്‍ത്തി അമ്മ അവനെ ഒന്ന് നോക്കി....എന്നിട്ട് ഒന്നും മിണ്ടാതെ വീണ്ടും പത്രത്തിലേക്ക് തന്നെ മടങ്ങി.
"പറയമ്മേ...പറയ്‌....മ്ഹ്ഹ് .... മ്ഹ്ഹ്..."
ഉണ്ണികുട്ടന്‍ ചിണുങ്ങി തുടങ്ങി. അവന് അമ്മയെ വെറുതെ വിടാന്‍ ഭാവം ഇല്ല.
"ഇതാ...ഈ കയ്യില്‍....എന്താ അമ്മ കറക്റ്റ് അല്ലെ ഡാ...?"
പത്രം അങ്ങോട്ട്‌ മാറ്റി വെച്ച്, ഉണ്ണികുട്ടന്റെ വലതു കൈ പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു. എന്നിട്ട് എല്ലാതവണയും പോലെ ഈ തവണയും താന്‍ ജയിച്ചോ എന്ന് അറിയാന്‍ ഉണ്ണിയുടെ കയ്യിലേക്ക്‌ ഒന്ന് അമര്‍ത്തി നോക്കുകയും ചെയ്തു. ആ നിമിഷം ഉണ്ണികുട്ടന്‍ അഭിമാനം കൊണ്ട് നിറയുക ആയിരുന്നു. നിറഞ്ഞു കഴിഞ്ഞപ്പോള്‍, അവന്‍ തുള്ളി ചാടിക്കൊണ്ട് പറഞ്ഞു...
"അയ്യയ്യേ...കൂയ്‌ കൂയ്‌... പറ്റിച്ചേ.... അമ്മേനെ ഞാന്‍ പറ്റിച്ചേ..."
"എന്റെ രണ്ടു കയ്യിലും ഒന്നും ഇല്ലായിരുന്നല്ലോ....കൂയ്‌ കൂയ്‌...."
ഉണ്ണി അവന്റെ ആ ആദ്യ വിജയം ആഘോഷിക്കുക തന്നെ ആയിരുന്നു.... പെട്ടന്നാണ് അത് സംഭവിച്ചത്.....!!!

അമ്മ, 'അവള്‍ തന്റെ മക്കളെ നേര്‍വഴിക്കു നടത്തേണ്ടവള്‍...' 'അവരെ ശരിയും തെറ്റും പടിപ്പിക്കെണ്ടവള്‍...'
ആ അമ്മയിലെ സദാചാര വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചു കഴിഞ്ഞു....ടിഷ്യും...
"എന്താ കള്ളത്തരം കാണിക്യാ ന്റെ ഉണ്ണ്യേ...? ആരാ ഇത് പഠിപ്പിച്ചേ....??"
"കള്ളത്തരം പറഞ്ഞാ കണ്ണ് പൊട്ടിപോവും ട്ടോ..."

പെട്ടന്ന്, ഒരു നിമിഷം ഉണ്ണികുട്ടന്റെ മുഖത്ത് ഒരു പേടി കയറി വന്നു. അവന്‍ ആകെ വല്ലാതെ ആയി.
ഉണ്ണികുട്ടന്‍ അവന്റെ ചൂണ്ടു വിരല്‍ മെല്ലെ ഒന്ന് നീട്ടി, എന്നിട്ട് അവന്റെ രണ്ടു കണ്ണുകളും ഒന്ന് തൊട്ടു നോക്കി...
എന്നിട്ട് മെല്ലെ ഒന്ന് ചിരിച്ചിട്ട് അവന്‍ തനിയെ പറഞ്ഞു...
"സത്യം"

Sep 19, 2009

എനിക്കെങ്ങനെ ജാതിയും മതവുമുണ്ടായി...?
അന്നവര്‍ക്ക് വരാതിരുന്ന
ഉറക്കമാവാം,
നിര്‍ത്താതെ പെയ്തൊരു
മഴയുടെ കുളിരാവാം,
അവിടെവിടെയോ നീട്ടി വെട്ടി
ഉറക്കം തെറിപ്പിച്ചൊരു ഇടിയാവാം,
തിരിഞ്ഞു കിടക്കുമ്പോള്‍ മാറത്ത്‌
പതിഞ്ഞൊരു കയ്യാവാം,
വരിതെറ്റി പാഞ്ഞൊരു ബീജമാവാം,
പുര നിറഞ്ഞു നിന്നൊരു അണ്ഡമാവാം..

അങ്ങനെ,
എനിക്കിന്നിങ്ങനെ ഒരു മതമുണ്ടായി.
കോളം നിറയ്ക്കാന്‍ ഒരു ജാതിയും.