Sep 30, 2009

പെണ്ണെന്നും....!!!!കാറിനകത്തിരുന്നു അവളുടെ വിരലുകള്‍ മുഴുവനും ഫോണിന്റെ മുകളിലുടെ ഓടി നടക്കുകയായിരുന്നു.....
വിവരമറിഞ്ഞുടനെ കാറുമെടുത് പുറപ്പെട്ടതാണവര്‍,
കമ്പനിയിലേക്ക് നാല് വരിയില്‍ ഓരോ മെയിലും അയച്ച്.

രാത്രി, നനുത്ത ആ ചാറ്റല്‍ മഴയില്‍ അവളുടെ വീട്ടിലേക്ക്‌ അതിവേഗം കാര്‍ ഓടിച്ചുക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന ഭാര്യയെ നോക്കി അത്ഭുതപ്പെടുകയായിരുന്നു.
സ്വന്തം അച്ഛന്‍ പെട്ടന്ന് മരിച്ച വിവരമറിഞ്ഞിട്ടും അവളൊന്നു കരഞ്ഞിട്ടില്ല ഇതുവരെ.
അവളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പോലും പൊടിഞ്ഞിട്ടില്ലിതുവരെ.
'അവളുടെ സെല്‍ഫ് കണ്ട്രോള്‍ അപാരം തന്നെ. അല്ലേലും ഈ പെണ്ണുങ്ങള്‍ക്ക്‌ ആണുങ്ങളെക്കാള്‍ മനശക്തി ഉണ്ടാവും എന്ന് പറയുന്നത് നേര് തന്നെയാ.'
അയാള്‍ സ്വയം പറഞ്ഞു.

ബെന്ഗ്ലൂരില്‍ നിന്ന്, ഇതാ ഇവിടെ, അവളുടെ വീട് എത്തുന്നത്‌ വരെ അവളൊരക്ഷരം മിണ്ടിയിട്ടില്ല.
ഒരു തുള്ളി കണ്ണീര്‍ പോലും...
മുഴുവന്‍ സമയവും അവളുടെ വിരലുകള്‍ അവളുടെ ആ E സീരീസ്‌ ഫോണിലുടെ ഓടി നടക്കുകയായിരുന്നു.

അവളുടെ വീട്ടില്‍ നിന്നുള്ള കരച്ചിലിന്റെ ആ ശബ്ദം, ദാ ഇവിടെ വരെ കേള്‍കാം.
അടുത്ത വീട്ടില്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത ഇറങ്ങാന്‍ ഭാവിക്കുമ്പോള്‍ അയാള്‍ ആലോചിച്ചു.
പെട്ടന്ന് അവള്‍ അയാളെ തടഞ്ഞു.
പ്ലീസ് വിവേക്‌, ഒരു ഫൈവ് മിനുട്സ് ...
കരഞ്ഞു തളര്‍ന്ന തന്റെ അമ്മയെയും, സഹോദരങ്ങളെയും കാണുമ്പോള്‍ മനസ്സ് തന്റെ പിടി വിട്ടു പോവാതിരിക്കാന്‍ ഒരല്പം സമയം അവള്‍ക്ക്‌ വേണ്ടി വരും, അയാള്‍ അവിടെതന്നെ ഇരുന്നു.
മൊബൈല്‍ മാറോടടക്കി പിടിച്ച്, എന്തോ കാത്തിരിക്കുന്ന ഒരു ഭാവത്തോടെ കാറിന്റെ സീറ്റിലേക്ക് ചാരി ഇരിക്കുകയാണവള്‍, അയാള്‍ അവളെ സഹതാപത്തോടൊന്നു നോക്കി.

പെട്ടന്ന് അവളുടെ മൊബൈലില്‍ ഒരു ബീപ് ബീപ് ശബ്ദം.
എവിടെ നിന്നോ ഒരു SMS അവളെ തേടി വന്നിരിക്കുന്നു.
കണ്ണടച്ച് കിടന്നിരുന്ന അവള്‍ അതുവരെ ഇല്ലാതിരുന്ന ഒരു ഉത്സാഹത്തോടെ ആ മെസ്സേജ് തുറന്നു.
അതിങ്ങനെ വായിക്കാമായിരുന്നു.
മുഖത്തിന്റെ മൃദുലതയും തിളക്കവും നഷ്ട്ടപ്പെടാതിരിക്കാന്‍, കരയുമ്പോള്‍ ശ്രധികേണ്ടത്....!!!

ഒരു നിമിഷം; അവളുടെ കണ്ണ് നിറയാന്‍ തുടങ്ങുന്നത് അവന്‍ കണ്ടു.
പിന്നീട് അത് ഒരു കടലായി ഒഴുകാന്‍ അധികം സമയം വേണ്ടി വന്നില്ല.

Sep 23, 2009

'ഷിഫ്റ്റ്‌ ചെയ്ന്ജ്‌'സമയം: 7 മണി
അസ്തമയത്തിന്റെ കൂടി പണികള്‍ തീര്‍ത്ത്
ദൈവം ഉറങ്ങാന്‍ തുടങ്ങി...
പിശാച് നടക്കാനും...

Sep 22, 2009

സത്യം എന്ന സത്യം...
"അമ്മേ.... എന്റെ ഏതു കയ്യിലാ മുട്ടായി ഉള്ളെ....പറ...പറ..."
വാതിലിനിടയില്‍ നിന്നും നാല് വയസ്സുകാരന്‍ ഉണ്ണികുട്ടന്‍ പ്രത്യക്ഷപ്പെട്ടു....ചുരുട്ടി പിടിച്ച തന്റെ രണ്ടു കൈകളും നീട്ടി. പത്രത്തില്‍ നിന്നും തലയുയര്‍ത്തി അമ്മ അവനെ ഒന്ന് നോക്കി....എന്നിട്ട് ഒന്നും മിണ്ടാതെ വീണ്ടും പത്രത്തിലേക്ക് തന്നെ മടങ്ങി.
"പറയമ്മേ...പറയ്‌....മ്ഹ്ഹ് .... മ്ഹ്ഹ്..."
ഉണ്ണികുട്ടന്‍ ചിണുങ്ങി തുടങ്ങി. അവന് അമ്മയെ വെറുതെ വിടാന്‍ ഭാവം ഇല്ല.
"ഇതാ...ഈ കയ്യില്‍....എന്താ അമ്മ കറക്റ്റ് അല്ലെ ഡാ...?"
പത്രം അങ്ങോട്ട്‌ മാറ്റി വെച്ച്, ഉണ്ണികുട്ടന്റെ വലതു കൈ പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു. എന്നിട്ട് എല്ലാതവണയും പോലെ ഈ തവണയും താന്‍ ജയിച്ചോ എന്ന് അറിയാന്‍ ഉണ്ണിയുടെ കയ്യിലേക്ക്‌ ഒന്ന് അമര്‍ത്തി നോക്കുകയും ചെയ്തു. ആ നിമിഷം ഉണ്ണികുട്ടന്‍ അഭിമാനം കൊണ്ട് നിറയുക ആയിരുന്നു. നിറഞ്ഞു കഴിഞ്ഞപ്പോള്‍, അവന്‍ തുള്ളി ചാടിക്കൊണ്ട് പറഞ്ഞു...
"അയ്യയ്യേ...കൂയ്‌ കൂയ്‌... പറ്റിച്ചേ.... അമ്മേനെ ഞാന്‍ പറ്റിച്ചേ..."
"എന്റെ രണ്ടു കയ്യിലും ഒന്നും ഇല്ലായിരുന്നല്ലോ....കൂയ്‌ കൂയ്‌...."
ഉണ്ണി അവന്റെ ആ ആദ്യ വിജയം ആഘോഷിക്കുക തന്നെ ആയിരുന്നു.... പെട്ടന്നാണ് അത് സംഭവിച്ചത്.....!!!

അമ്മ, 'അവള്‍ തന്റെ മക്കളെ നേര്‍വഴിക്കു നടത്തേണ്ടവള്‍...' 'അവരെ ശരിയും തെറ്റും പടിപ്പിക്കെണ്ടവള്‍...'
ആ അമ്മയിലെ സദാചാര വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചു കഴിഞ്ഞു....ടിഷ്യും...
"എന്താ കള്ളത്തരം കാണിക്യാ ന്റെ ഉണ്ണ്യേ...? ആരാ ഇത് പഠിപ്പിച്ചേ....??"
"കള്ളത്തരം പറഞ്ഞാ കണ്ണ് പൊട്ടിപോവും ട്ടോ..."

പെട്ടന്ന്, ഒരു നിമിഷം ഉണ്ണികുട്ടന്റെ മുഖത്ത് ഒരു പേടി കയറി വന്നു. അവന്‍ ആകെ വല്ലാതെ ആയി.
ഉണ്ണികുട്ടന്‍ അവന്റെ ചൂണ്ടു വിരല്‍ മെല്ലെ ഒന്ന് നീട്ടി, എന്നിട്ട് അവന്റെ രണ്ടു കണ്ണുകളും ഒന്ന് തൊട്ടു നോക്കി...
എന്നിട്ട് മെല്ലെ ഒന്ന് ചിരിച്ചിട്ട് അവന്‍ തനിയെ പറഞ്ഞു...
"സത്യം"

Sep 19, 2009

എനിക്കെങ്ങനെ ജാതിയും മതവുമുണ്ടായി...?
അന്നവര്‍ക്ക് വരാതിരുന്ന
ഉറക്കമാവാം,
നിര്‍ത്താതെ പെയ്തൊരു
മഴയുടെ കുളിരാവാം,
അവിടെവിടെയോ നീട്ടി വെട്ടി
ഉറക്കം തെറിപ്പിച്ചൊരു ഇടിയാവാം,
തിരിഞ്ഞു കിടക്കുമ്പോള്‍ മാറത്ത്‌
പതിഞ്ഞൊരു കയ്യാവാം,
വരിതെറ്റി പാഞ്ഞൊരു ബീജമാവാം,
പുര നിറഞ്ഞു നിന്നൊരു അണ്ഡമാവാം..

അങ്ങനെ,
എനിക്കിന്നിങ്ങനെ ഒരു മതമുണ്ടായി.
കോളം നിറയ്ക്കാന്‍ ഒരു ജാതിയും.