Oct 13, 2009

മഴപ്പാറ്റകളുടെ ചിറക്‌ കൊഴിയുമ്പോള്‍...


നിയോണ്‍ ബള്‍ബിന്റെ അരണ്ട വെളിച്ചം ആ വലിയ മുറിക്ക്‌ ഒന്നുമല്ലായിരുന്നു. നേരെത്തെ പെയ്തു നിര്‍ത്തിയ മഴയില്‍ ജീവന്‍ വെച്ച മഴപ്പാറ്റകള്‍, അടുത്ത ക്ഷണത്തില്‍ തങ്ങളുടെ ജീവന്‍ പൊലിയുമെന്ന് അറിഞ്ഞോ അറിയാതെയോ ആ വെളിച്ചത്തിന് ചുറ്റും പറന്നു നടന്നു.
കുറച്ചു നേരത്തെ ഒരു ഒതുങ്ങലിനു ശേഷം പുറത്ത് മഴ വീണ്ടും കനക്കുകയായിരുന്നു....

മുഖം കാല്‍മുട്ടുകള്‍ക്കിടയില്‍ പൂഴ്ത്തി, അടിവസ്ത്രത്തിന്റെ മാത്രം കാരുണ്യത്തില്‍ നഗ്നത മറച്ചിരിക്കുകയായിരുന്നു റഹിം അപ്പോള്‍. അരമണിക്കൂര്‍ മുന്‍പ്‌ അവസാനിച്ച ചോദ്യം ചെയ്യലിന്റെ നീറ്റല്‍ ആയിരുന്നു ആ ദേഹം മുഴുവന്‍.പക്ഷെ ആ മര്‍ദ്ദനത്തിന്റെ വേദനകളോ, നീറ്റലോ, ആ മുപ്പത്തിനാല് വയസ്സുകാരന്റെ മനസ്സിനുള്ളിലെക്ക് ഇറങ്ങി ചെന്നിരുന്നില്ല...അത് ആ തൊലിപ്പുറത്ത് മാത്രം തളം കെട്ടിക്കിടക്കുകയായിരുന്നു.....
എന്നിട്ടും അയാളുടെ മനസ്സ് കിടന്നു പിടയുന്നുണ്ടായിരുന്നു, നീറി നീറി ഉരുകുന്നുണ്ടായിരുന്നു..
കാരണം, അരമണിക്കൂര്‍ മുന്‍പ്‌ അയാള്‍ ഒരു തീവ്രവാദിയായി....അയാള്‍ പോലുമറിയാതെ....

ഇനി അയാളും, അയാളുടെ കുടുംബവും സമൂഹത്തിന്റെ കണ്ണില്‍ ഒരു കരട് ആയി,
തീവ്രവാദികളുടെ ലേബലും ചുമന്ന് ജീവിക്കേണ്ടി വരും..
അയാളുടെ മകളും ഭാര്യയും ഇനി എന്നും സംശയത്തിന്റെ നിഴലില്‍ ആവും...
റഹിം വിതുമ്പുകയായിരുന്നു.
ഒരുപാട് ചിന്തകളുടെ ഒരുമിച്ചുള്ള തള്ളലിനോട് ജയിക്കാന്‍ കഴിയാതെ ആവണം,
അയാളുടെ കണ്ണിന്റെ കോണില്‍ നിന്നു ഒരു കുഞ്ഞുതുള്ളി പുറമേക്ക് ഇറങ്ങി നിന്നു..


വര്‍ക്ക്‌ സൈറ്റില്‍ ഉള്ള തമിഴന്‍ സെല്‍വനും, റൂമില്‍ ഒപ്പമുള്ള അഗസ്ടിനും ഷിബുവിനും, അവര്‍ എപ്പോഴും ആവശ്യപ്പെടുന്ന കോഴിക്കോടന്‍ ഹലുവയും വാങ്ങി, ഒരു വെള്ളകവറും ഒരു എയര്‍ബാഗും പിടിച്ച് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് റഹിം; കഴിഞ്ഞ എട്ടു വര്‍ഷമായി അയാള്‍ പണിയെടുത്തു കൊണ്ടിരിക്കുന്ന ഹൈദെരാബാദിലെ പണിസ്ഥലത്തെക്ക് തിരിച്ചു പോവാന്‍.
തിങ്കളാഴ്ച എങ്കിലും പണിക്ക്‌ കയറിയില്ല എങ്കില്‍ ആ പണി പോയതില്‍ കൂട്ടിയാല്‍ മതി, അയാള്‍ ആലോചിച്ചു.
മൂന്നു ആഴ്ച മുന്‍പ്‌ പണിസ്ഥലത്ത് വെച്ച് ചിക്കെന്പോക്സ് പിടിച്ചപ്പോള്‍, കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക്‌ വന്ന റഹിം, അസുഖം ഭേദമായി ഇന്ന് തിരിച്ചു പോകാനിറങ്ങിയതാണ്,
അതിനിടയിലാണ് പെട്ടന്ന് അയാള്‍ തീവ്രവാദിയായത്.

ഈ വേദനകള്‍ക്കിടയിലും, താന്‍ പോലുമറിയാതെ തെന്റെ ജീവിതത്തിന്റെ കഴുത്തില്‍ വീണ
കയറിന്റെ ഇഴ പിരിച്ചെടുക്കാനുള്ള കഠിനശ്രമത്തില്‍ ആയിരുന്നു റഹിം....
ട്രെയിന്‍ വരാന്‍ ഇനിയും സമയം ഉണ്ട് എന്ന് കേട്ടപ്പോള്‍ ആണ്, റയില്‍വേ സ്റ്റേഷന്റെ പിറകിലുള്ള, കാടുമൂടിക്കിടക്കുന്ന സ്ഥലത്തേക്ക്‌ നീങ്ങി നിന്ന് ഒരു സിഗരെറ്റിനു തീ കൊളുത്താന്‍ റഹിം ആലോചിച്ചത്‌.
നേരത്തെ സ്റ്റേഷനില്‍ എത്തിയാല്‍ സാധാരണ ചെയ്യുന്നതുമാണ്. നീങ്ങി നിന്ന് ബാഗും കവറും താഴെ വെച്ച്, സിഗരറ്റ് എടുത്ത് കത്തിക്കുന്നതിന് മുന്‍പ്‌ പോലീസുകാര്‍ ആരേലും വരുന്നുണ്ടോ എന്ന് നോക്കാനായി, രണ്ടു വശത്തേക്കും ഒന്ന് കണ്ണോടിച്ചു. അപ്പുറത്ത് നിന്നും രണ്ടു പേര്‍ നടന്നു വരുന്നത് റഹിം കണ്ടു,
പക്ഷെ കാക്കി അല്ല.എന്നാലും വേണ്ട അവര്‍ പോയിട്ട് വലിക്കാം എന്ന് കരുതി അവിടെ തന്നെ നിന്ന
റഹിം ആണ്,അതിനു ശേഷം, ഇപ്പോള്‍, കൃത്യം ഏഴര മണിക്കൂര്‍ കഴിയുമ്പോളേക്കും ഉധ്യോഗസ്ഥരുടെ
കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ ആയി മാറിയ തീവ്രവാദി ആയത്....
നടന്നു വന്നവര്‍, സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ആയിരുന്നു....

ഒടുവില്‍,
ഇപ്പോളാണ് റഹിമിന് കാര്യങ്ങള്‍ ഒക്കെ മനസിലായി തുടങ്ങിയത്‌ ..
പനിച്ച് വിറച്ച് കണ്ണൂര്‍ സ്റ്റേഷനില്‍ റഹിം വന്നിറങ്ങിയപ്പോള്‍, ഓട്ടോരിക്ഷയിലെക്ക് ബാഗ്‌ എടുത്തു വെക്കാന്‍ സഹായിച്ച്, ചിരിച്ചു കടന്നു പോയ കണ്ണട വെച്ച മനുഷ്യനെ അയാള്‍ രണ്ടു ദിവസം മുന്‍പത്തെ
പത്രത്തിന്റെ മുന്‍പേജില്‍ പോലീസുകാരുടെ നടുവില്‍ കണ്ടിരുന്നു.....
ചിക്കെന്പോക്സ് കൊണ്ട് മുഖത്ത്‌ ഉണ്ടായ കലകള്‍ മറയ്ക്കുവാന്‍
റഹിം നീണ്ട താടി വെച്ചിട്ടുണ്ടായിരുന്നു...
വെള്ളമുണ്ട് റഹിം ഇടത്തോട്ടായിരുന്നു ഉടുത്തിരുന്നത്...
കയ്യില്‍ കണ്ണൂര്‍- ഹൈദേരാബാദ് ട്രെയിന്‍ ടിക്കറ്റ്‌ ഉണ്ടായിരുന്നു...
പിന്നെ,
ചോദ്യം ചെയ്യലിനിടയിലെ ആക്രോശങ്ങള്‍ക്കിടയില്‍ മാത്രമാണ് ഈ
കാരണങ്ങളൊക്കെ മനസ്സിലാക്കിയത്‌ എന്ന വലിയ കുറ്റവും.....

പുറത്ത്‌ വെളിച്ചത്തിനായി പറന്ന് പറന്ന് തളര്‍ന്ന,
മഴപ്പാറ്റകള്‍ ചിറകു കൊഴിഞ്ഞ് മണ്ണിലേക്ക് വീഴുകയായിരുന്നു അപ്പോള്‍....

13 comments:

കൊച്ചുതെമ്മാടി said...

ജീവിത വെളിച്ചം കാണാനാവാതെ ചിറക്‌ കൊഴിക്കേണ്ടി വന്ന മഴപ്പാറ്റകള്‍ക്ക്....

ശ്രീ said...

കൊള്ളാം

ഇങ്ങനെയും ചിലതൊക്കെ സംഭവിയ്ക്കുന്നുണ്ടാകാം.

കൊച്ചുതെമ്മാടി said...

ശ്രീ,
നന്ദി...., ഇവിടെ വരെ വന്നതിനും എന്റെ കൂടെ ചിന്തിച്ചതിനും.......
മതം എന്തെന്നറിയാത്ത, ഭ്രാന്തന്മാര്‍ കാട്ടുന്ന കൊപ്രായത്തിനു, പാവങ്ങള്‍ ബലിയാടാവുന്നു...
ചോദ്യം ചെയ്യലുകളും, അന്വേഷണങ്ങളുമായി.....

കൊച്ചുതെമ്മാടി said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

oru hathabhaagyante katha....

കൊച്ചുതെമ്മാടി said...

http://blothram.blogspot.com/2009/10/14-2009.html

എന്റെ ഈ പോസ്റ്റ്‌ അനോനിമാഷ്‌ എന്ന് പറയുന്ന ഒരു ബ്ലോഗില്‍ ചുരണ്ടി വെച്ചിട്ടുണ്ട്‌.....?
അതും ഞാന്‍ പോസ്റ്റി, ഒരു മണിക്കൂര്‍ കഴിയും മുന്‍പ്‌......

അപ്പൊ...ശരിക്കും ഞാന്‍ വല്യ ആളായോ....?
ഹൂ ഹൂ ഹീ.....

കൊച്ചുതെമ്മാടി said...

പ്രിയ സന്തോഷ്‌....
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക്‌ പ്രാര്തിക്കം.....
അല്ലെതെന്താക്കാനാ ലെ ഇപ്പോം...

C R said...

നന്നായിരിക്കുന്നു...ഇത് ആര്‍ക്കും വരാവുന്ന ഒരു ദുരന്തം?

ഭായി said...

@@@എന്റെ ഈ പോസ്റ്റ്‌ അനോനിമാഷ്‌ എന്ന് പറയുന്ന ഒരു ബ്ലോഗില്‍ ചുരണ്ടി വെച്ചിട്ടുണ്ട്‌.....?
അതും ഞാന്‍ പോസ്റ്റി, ഒരു മണിക്കൂര്‍ കഴിയും മുന്‍പ്‌......

അപ്പൊ...ശരിക്കും ഞാന്‍ വല്യ ആളായോ....?
ഹൂ ഹൂ ഹീ.....@@@

അപ്പോള്‍ ഇതുവരെ ചെറിയ ആളാണെന്നാ ധരിച്ചിരുന്നത്...?

താമസിച്ചുപോയി വായിക്കാന്‍,അതിനാല്‍ നേരത്തേ കമന്റിടുന്നു.

കൊള്ളാം നന്നായിരിക്കുന്നു ! വീണ്ടും പോരട്ടെ...

പാവത്താൻ said...

വരാന്‍ വൈകി.ജീവിതത്തില്‍ ഇങ്ങിനെയും സംഭവിക്കാം.ഇതു വളരെ ക്രൂരമായ ഒരു കാലം തന്നെ,

കൊച്ചുതെമ്മാടി said...

@ സി ആര്‍...
സമൂഹം വരുത്തി വെച്ചത് എന്നും കൂദി വേണെല്‍ ചേര്‍ക്കാം ലെ...

കൊച്ചുതെമ്മാടി said...

@ ഭായി....
അല്ലാതെ പിന്നെ....
ഞാനൊരു പാവം കൊച്ചു തെമ്മാടി അല്ലെ....
ഹ ഹ...
:)

കൊച്ചുതെമ്മാടി said...

@ പാവത്താന്‍...
വരാന്‍ വൈകിയാലും സാരം ഇല്ല....
വായിച്ചല്ലൊ....
സന്തൊഷം ആയി.....
ഇനി നേരതെ വരുമല്ലൊ ലെ...?