Nov 25, 2009

“കരട്.!“

ലങ്ങിയ മുഖവും അതിലേറെ കലങ്ങിയ മനസ്സുമായിട്ടവന്‍ അവിടെനിന്നിറങ്ങി നടന്നു. നടവഴി തീരുന്നിടത്ത് നിന്നിട്ടവന്‍, അവസാനമായിട്ടവളെയൊന്ന് തിരിഞ്ഞു നോക്കി.... ചാട്ടുളി പോലെ പറന്ന ആ നോട്ടം, മുന്നില്‍ നിരന്ന് നിന്നിരുന്ന അവളുടെ അപ്പന്റെയും അമ്മാവന്മാരുടെയും തോളിന്റെ ഇടയിലൂടെ ആ പൂമുഖം കടന്ന്, കൃത്യം അവളുടെ കണ്ണില്‍ തന്നെ തറച്ചു. നല്ലതാണേലും, അല്ലേലും; കണ്ണിനെന്നും, എന്തും കരട് തന്നെ... അവള്‍ടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകിത്തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി, അവളുടെ സ്വപ്നങ്ങളുടെയും ജീവിതത്തിന്റെയും നെയ്ത്തുകാരനായിരുന്ന അവന്‍, പിന്നികീറിയ മോഹങ്ങളുമായി ആ വീടിന്റെ നടവഴി കടന്ന്, അവളുടെ ജീവിതത്തിന്റെ പടിയിറങ്ങി...

മൂന്നാംപക്കം, സാമാന്യം നല്ലൊരു വില പറഞ്ഞുറപ്പിച്ച്; അവള്‍ടെ അപ്പന്‍, അവള്‍ടെ കല്യാണം റോയിച്ചനുമായി നിശ്ചയിച്ചു... മുന്‍പ് കണ്ണില്‍ പറന്നു വീണ ആ കരട് അന്ന് വീണ്ടും ഒന്നിളകി.... രണ്ട് കണ്ണും നിറഞ്ഞൊഴുകിത്തുടങ്ങി. അന്നും, അതിനു ശേഷവും അവളൊരുപാട് തവണ, ഒരുപാട് വെള്ളമൊഴിച്ച് കണ്ണ് കഴുകി, എന്നിട്ടും.....

ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും, കഴിഞ്ഞ ദിവസം നിറഞ്ഞ വയറും വെച്ച് റോയിച്ചന്റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ആ ഷര്‍ട്ടില്‍നിന്ന് അവള്‍ടെ മൂക്കിലേക്കടിച്ച ആ പെര്‍ഫ്യൂമിന്റെ മണം വീണ്ടും അവളുടെ കണ്ണിലെ ആ കരടൊന്നിളക്കി വിട്ടു. കണ്ണല്ലേ, ഉടനെ നിറഞ്ഞും തുടങ്ങി...

അതിനുമുമ്പ്, ഒരു ദിവസം വൈകുന്നേരം റോയിച്ചന്‍ നിര്‍ബന്ധിച്ച് ബീച്ചില്‍ പോയിരുന്നപ്പോ, പുള്ളി അവളുടെ കയ്യിലെ വരകളെണ്ണി കളിച്ച് തുടങ്ങിയപ്പോ, ആഞ്ഞടിക്കുന്ന ആ കടല്‍ക്കാറ്റില്‍, വീണ്ടും അവളുടെ കണ്ണിലെ ആ കരടിളകി... റോയിച്ചന്‍ കാണാതെ ഒരുപാട് കൈ ഇട്ട് തിരുമ്മിയിട്ടും, ആ കരട് ഇളകി അവളുടെ കയ്യില്‍ പോന്നില്ല...

അതിനുംമുമ്പ്, ദിവസം തീരാന്‍ സെക്കെന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ, അവളുടെ മുകളില്‍ കിടന്ന് ഇളകിയാടി തിമിര്‍ക്കുന്ന റോയിച്ചന്റെ മുടിക്കിടയിലൂടെ ചേര്‍ത്ത് പിടിക്കാനായിട്ടവള്‍ കൈ നീട്ടിയപ്പോ..
ആ കരട് കണ്ണില്‍കിടന്നൊന്നിളകി... ‘ഇര‘ ആനന്ദാശ്രു പൊഴിച്ച ചാരിതാര്‍ഥ്യതില്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ റോയിച്ചന്‍ കിടക്കയിലേക്ക് ചരിഞ്ഞു.....

മാസങ്ങള്‍ക്ക് ശേഷം, ഇന്ന്; ലേബര്‍ റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു ഓപറേഷന്‍ പോലുമില്ലാതെ,
ആ ‘കരട്’ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് നേഴ്സ് പറഞ്ഞു..
“ആണാ”

ആശുപത്രി വരാന്തയിലെ ചുമരിലെവിടെയോ തൂക്കിയ അവസാന ഉയര്‍പ്പിന്റെ ചിത്രം,
ഒരു ഇളം കാറ്റ്‌ പോലുമില്ലാഞ്ഞിട്ടും ഒന്നിളകിയാടി നിന്നു...

Nov 18, 2009

നിധി തേടുന്നവര്‍..!


രെയും ബുദ്ധിമുട്ടിക്കാതെ, വളരെ മാന്യമായി, ഓടിനിടയിലൂടെ തലകീഴായി താഴോട്ടിറങ്ങുമ്പോള്‍;
ഒരു കുഞ്ഞു നിധിയുമുള്ളിലൊളിപ്പിച്ച്, ഒരു നേര്‍ത്ത ശബ്ദം പോലുമുണ്ടാക്കാതെ, അവനു വേണ്ടിയെന്ന പോലെ കാത്തു കിടക്കുന്ന ഒരു കിടപ്പുമുറിയല്ലാതെ അവനൊന്നും ആഗ്രഹിച്ചില്ലായിരുന്നു......... വെളിച്ചത്തിന്റെ നേരിയ ലാഞ്ചന പോലുമില്ല…ഭാഗ്യം….
ശീലം പഠിപ്പിച്ച പാഠങ്ങള്‍ ഓര്‍ത്തിട്ടെന്ന പോലെ അവന്‍ പകുതിവഴിയില് ഒന്നു നിര്‍ത്തി,
പതുക്കെ ചുറ്റുമൊന്നു കണ്ണോടിച്ചു…

ഛെ….നാശം…….
ഇതാരാണപ്പാ…ഞാനറിയാതെ എന്റെ ഈ ഏരിയയില്…. അതും ഞാന്‍ നോട്ടമിട്ടിടത്ത് ഞാനെത്തുന്നതിനു മുന്പേ….. അതും ഈ സാരിയില് തൂങ്ങി… ഏതായാലും ഏതോ വരുത്തനായിരിക്കും, ഉറപ്പാ… ഇന്നത്തെ മെനക്കേട് വെറുതെയായെന്നാ തോനുന്നേ….. ഏതായാലും അവനെയൊന്നു കണ്ടിട്ട് തന്നെ…..

ഓടിന്പുറത്തെ ഗ്യാലറിയില് ‘വരുത്തനെ’ കാണാനായിട്ടവനിരിപ്പുറപ്പിച്ചു, ഒരു ബീഡിയും കത്തിച്ചു…
നാശം… അവനൊരു ചെറിയ ടോര്‍ച്ചെങ്കിലും കത്തിച്ചൂടെ…. മുടിയാനായിട്ട് നിഴലല്ലാതെ ഒന്നും കാണുന്നില്ലല്ലോ….

ഇവനെന്താ ഈ കാണിക്കുന്നെ……. കസേരയില് കയറി മുകളിലെന്തോന്നാ ഇവനീപ്പരതുന്നേ….?
അയ്യോ…. അവന്‍ പിടഞ്ഞു കളിക്കുവാണല്ലോ…. അവന്റെ കരച്ചിലെന്താ അവളെപ്പോലെ….
അതവനല്ല അല്ലേ…അവളു തന്നാ ലേ… താഴേക്കിറങ്ങണൊ…..
അവസാനപിടച്ചിലിനു മുന്‍പേ ആ കാലു പിടിച്ചൊന്നുയര്‍ത്തണോ…

അല്ലേല്‍ തന്നെ കള്ളനെന്നാ പേര്…. ഇനി അതു കൊലപാതകി എന്നാക്കികൊടുക്കണോ...
വിളിക്കുന്നവര്‍ക്ക് രസം കൂടുമെങ്കിലും, കേള്‍ക്കാന്‍ ഒരു രസവുമുണ്ടാവില്ല...
വെറുതേ എന്തിനാ....

ശവം നല്ല ശകുനമാണെന്നെവിടെയോ കേട്ട ഓര്‍മ്മയില്‍, ഓടടുക്കി,
അവനെയും കാത്തെന്നപോലെ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന കറുത്ത റോഡിലേക്കിറങ്ങി നടന്നവന്‍.....
ഒരു കുഞ്ഞു നിധിയുമുള്ളിലൊളിപ്പിച്ച്, ഒരു നേര്‍ത്ത ശബ്ദം പോലുമുണ്ടാക്കതെ,
അവനു വേണ്ടിയെന്ന പോലെ കാത്തു കിടക്കുന്ന കിടപ്പുമുറി തേടി അടുത്ത വീട്ടീലേക്ക്......

Nov 7, 2009

നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...
കൊല്ലണമായിരുന്നു അവളെയെനിക്ക്;
പക്ഷെ ഉയിരറ്റ് പോകുന്ന
അവസാന മിടിപ്പിലുമവള്‍ മന്ത്രിക്കും
നിന്നെയെനിക്കിഷ്ടമാണ്...

ഒഴിവാക്കണമായിരുന്നവളെ, മറവിയുടെ
കാണാക്കയങ്ങളിലേക്കുരുട്ടിയിട്ട്
ആര്‍ത്തനാദത്തിനിടയിലും പറയു-
മവള്‍, നിന്നെയെനിക്കിഷ്ടമാണ്....

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി മാറുമ്പോള്‍,
വീട് വര്‍ഷങ്ങളുടെ നോക്കുകൂലി തിരികെ ചോദിക്കുമ്പോള്‍,
ചോദ്യങ്ങള്‍ ചാട്ടുളിയായി ഉയരുമ്പോള്‍;
കൊല്ലണമായിരുന്നു അവളെയെനിക്ക്....

എങ്കിലും എന്നെങ്കിലും
ഓര്‍മ്മയുടെ മൃതസഞ്ജീവനി രുചിച്ച്,
മറവിയുടെ കണ്ണ് വെട്ടിച്ച്,
ഉയര്‍‌ത്തെഴുന്നെല്‍ക്കുമവള്‍; ഉറപ്പ്‌.
കാരണം,
നിന്റെ പേരെന്താണെന്നതിനു ഉത്തരം
എനിക്കിന്നുമെന്നും ഒന്നല്ലേയുള്ളൂ...