Nov 25, 2009

“കരട്.!“

ലങ്ങിയ മുഖവും അതിലേറെ കലങ്ങിയ മനസ്സുമായിട്ടവന്‍ അവിടെനിന്നിറങ്ങി നടന്നു. നടവഴി തീരുന്നിടത്ത് നിന്നിട്ടവന്‍, അവസാനമായിട്ടവളെയൊന്ന് തിരിഞ്ഞു നോക്കി.... ചാട്ടുളി പോലെ പറന്ന ആ നോട്ടം, മുന്നില്‍ നിരന്ന് നിന്നിരുന്ന അവളുടെ അപ്പന്റെയും അമ്മാവന്മാരുടെയും തോളിന്റെ ഇടയിലൂടെ ആ പൂമുഖം കടന്ന്, കൃത്യം അവളുടെ കണ്ണില്‍ തന്നെ തറച്ചു. നല്ലതാണേലും, അല്ലേലും; കണ്ണിനെന്നും, എന്തും കരട് തന്നെ... അവള്‍ടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകിത്തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി, അവളുടെ സ്വപ്നങ്ങളുടെയും ജീവിതത്തിന്റെയും നെയ്ത്തുകാരനായിരുന്ന അവന്‍, പിന്നികീറിയ മോഹങ്ങളുമായി ആ വീടിന്റെ നടവഴി കടന്ന്, അവളുടെ ജീവിതത്തിന്റെ പടിയിറങ്ങി...

മൂന്നാംപക്കം, സാമാന്യം നല്ലൊരു വില പറഞ്ഞുറപ്പിച്ച്; അവള്‍ടെ അപ്പന്‍, അവള്‍ടെ കല്യാണം റോയിച്ചനുമായി നിശ്ചയിച്ചു... മുന്‍പ് കണ്ണില്‍ പറന്നു വീണ ആ കരട് അന്ന് വീണ്ടും ഒന്നിളകി.... രണ്ട് കണ്ണും നിറഞ്ഞൊഴുകിത്തുടങ്ങി. അന്നും, അതിനു ശേഷവും അവളൊരുപാട് തവണ, ഒരുപാട് വെള്ളമൊഴിച്ച് കണ്ണ് കഴുകി, എന്നിട്ടും.....

ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും, കഴിഞ്ഞ ദിവസം നിറഞ്ഞ വയറും വെച്ച് റോയിച്ചന്റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ആ ഷര്‍ട്ടില്‍നിന്ന് അവള്‍ടെ മൂക്കിലേക്കടിച്ച ആ പെര്‍ഫ്യൂമിന്റെ മണം വീണ്ടും അവളുടെ കണ്ണിലെ ആ കരടൊന്നിളക്കി വിട്ടു. കണ്ണല്ലേ, ഉടനെ നിറഞ്ഞും തുടങ്ങി...

അതിനുമുമ്പ്, ഒരു ദിവസം വൈകുന്നേരം റോയിച്ചന്‍ നിര്‍ബന്ധിച്ച് ബീച്ചില്‍ പോയിരുന്നപ്പോ, പുള്ളി അവളുടെ കയ്യിലെ വരകളെണ്ണി കളിച്ച് തുടങ്ങിയപ്പോ, ആഞ്ഞടിക്കുന്ന ആ കടല്‍ക്കാറ്റില്‍, വീണ്ടും അവളുടെ കണ്ണിലെ ആ കരടിളകി... റോയിച്ചന്‍ കാണാതെ ഒരുപാട് കൈ ഇട്ട് തിരുമ്മിയിട്ടും, ആ കരട് ഇളകി അവളുടെ കയ്യില്‍ പോന്നില്ല...

അതിനുംമുമ്പ്, ദിവസം തീരാന്‍ സെക്കെന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ, അവളുടെ മുകളില്‍ കിടന്ന് ഇളകിയാടി തിമിര്‍ക്കുന്ന റോയിച്ചന്റെ മുടിക്കിടയിലൂടെ ചേര്‍ത്ത് പിടിക്കാനായിട്ടവള്‍ കൈ നീട്ടിയപ്പോ..
ആ കരട് കണ്ണില്‍കിടന്നൊന്നിളകി... ‘ഇര‘ ആനന്ദാശ്രു പൊഴിച്ച ചാരിതാര്‍ഥ്യതില്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ റോയിച്ചന്‍ കിടക്കയിലേക്ക് ചരിഞ്ഞു.....

മാസങ്ങള്‍ക്ക് ശേഷം, ഇന്ന്; ലേബര്‍ റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു ഓപറേഷന്‍ പോലുമില്ലാതെ,
ആ ‘കരട്’ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് നേഴ്സ് പറഞ്ഞു..
“ആണാ”

ആശുപത്രി വരാന്തയിലെ ചുമരിലെവിടെയോ തൂക്കിയ അവസാന ഉയര്‍പ്പിന്റെ ചിത്രം,
ഒരു ഇളം കാറ്റ്‌ പോലുമില്ലാഞ്ഞിട്ടും ഒന്നിളകിയാടി നിന്നു...

33 comments:

കൊച്ചുതെമ്മാടി said...

ഓര്‍മ്മകള്‍ ഉയര്‍ത്തെഴുന്നേറ്റ് ജീവിതം നഷ്ട്ടപ്പെട്ടവര്‍ക്കും...
ഓര്‍മ്മകളില്‍ ഉയര്‍ത്തെഴുന്നേറ്റ് ജീവിക്കുന്നവര്‍ക്കും....

ഭായി said...

കൊള്ളാം, നന്നായിട്ടുണ്ട്!

സുനിൽ പണിക്കർ said...

നന്നായി തെമ്മാടി..
മനോഹരമായ ഒരു കുഞ്ഞു കഥ.
എന്റെ കണ്ണിലും ഒരു കരടുടക്കുന്നു.

ശ്രീ said...

കഥ നന്നായിരിയ്ക്കുന്നു.

JIGISH said...

തെമ്മാടിയുടെ ഏറ്റവും വലിയ തെമ്മാടിത്തരം.!!!!
ഡേ..ഇതെന്തുവാ ഈ കാണുന്നേ..? കലക്കി കട്ടിലൊടിച്ചല്ലോ..? ഹഹഹ

വഴിപോക്കന്‍™ said...

ഇന്നലെകളിൽ കരട് ... കരടിയായാൽ തിരികെ റോയിച്ചന്റെ കണ്ണിൽ കരട് വീഴും ... അങ്ങനെ ഒരു കരട് താങ്ങാൻ തെമ്മാടി പറയുന്ന നീയും ഞാനും ഉൾപ്പെട്ട ഈ റോയിച്ചന്മാർക്ക് കഴിയുമോ ... സ്ത്രീ സ്വാതന്ത്ര്യം എന്നത് കണ്ണിലുടക്കുന്ന കരട് കരഞ്ഞു കളയാൻ മാത്രം ...

ഇന്നത്തെ കരട് ... മധുരതരമായി ചിരിക്കുന്ന മുഖത്തോടെ ഒട്ടനേകം കരടുകൾ കണ്ണിലൂടെ കയറ്റി വിടാൻ സ്വാതന്ത്ര്യവും സൂഷ്മതയും ഉള്ള അവളുമാർ, സ്വന്തം കണ്ണിലിട്ട കരടിനു മധുര തരമായി പ്രതികാരം ചെയ്യുന്ന അവൾ ...

സ്ത്രീയുടെ രഹസ്യം എന്നത് അവൾ മാത്രമറിയുന്നവയാണ് .

നാളത്തെ കരട് ..... കണ്ണിൽ വീഴുന്ന കരടിനെ അപ്പോൾ തന്നെ പിക്കർ ഉപയോഗിച്ച് എടുത്തു കളയാൻ മടിക്കാത്ത അവൾ ...
ഒരു റോയിച്ചനു പകരം ഒൻപതു റോയിച്ചന്മാർ ക്യൂ നിൽക്കും ...

സ്ത്രീ സ്വാതന്ത്ര്യം എന്നത് വാക്കിലല്ല .. പ്രവർത്തിലാണ് ...

മാറുന്ന മലയാളി said...

കൊച്ചുതെമ്മാടി തന്നെ....................

ഹരീഷ് തൊടുപുഴ said...

ടാ തെമ്മാടീ..
വേലേം കൂലീം ഇല്ലതെ നടന്നോ..
ഇതൊക്കെയാലേ പണീ..:)

കുമാരന്‍ | kumaran said...

:)

കുക്കു.. said...

കൊച്ചുതെമ്മാടി....
നന്നായിട്ടുണ്ട്‌ കഥ!
:)

കാപ്പിലാന്‍ said...

:)

Dream River | സ്വപ്നനദി said...

beautiful!

Jenshia said...

കഥ കൊള്ളാം

Anonymous said...

..enthu parayana..... "themmaditham...." allathentha.....!!!!!

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം മാഷെ നന്നായിട്ടുണ്ട്

SAJAN said...

നല്ലതാണേലും, അല്ലേലും; കണ്ണിനെന്നും, എന്തും കരട് തന്നെ...
:)

ലതി said...

നന്നായിരിക്കുന്നു. ഈ തെമ്മാടിത്തരം തുടരുക.

അംജിത് നെടുംതോട് said...

തെമ്മാടി! മണ്ണും ചാരി നിന്നെ റോയ്ച്ചന്‍ പെണ്ണും കൊണ്ട് പോയല്ലേ.
കൊള്ളാം, നന്നായിട്ടുണ്ട് തെമ്മാടിത്തരം, ആശംസകള്‍!

ഉപാസന || Upasana said...

അവസാനവരികളാണ് ക്ലാസ്സ്
:-)
ഉപാസന

അനൂപ് കോതനല്ലൂർ said...

തെമ്മാടിടെ ബ്ലോഗിലാദ്യമാ ഞാൻ എനിക്ക് ഇഷ്ട്പെട്ടു.ഇനി വരാട്ടോ

കുഞ്ചിയമ്മ said...

പാവം റോയിച്ചന്‍ എന്തറിയുന്നു????
അധികത്തങ്ങളൊന്നുമില്ലാത്ത നല്ല എഴുത്ത്
ആശംസകള്‍

ഹൃദയം നടക്കുന്ന വഴികള്‍ said...

:)

കുട്ടന്‍ said...

ഭാഗിയവാനാ......
കരെടെങ്കിലും ആവാന്‍ കഴിഞ്ഞല്ലോ ..
അവള്‍ ഒരിക്കലെങ്ങിലും ഓര്‍ക്കുന്നുണ്ട് ....

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

നന്നായിരിയ്ക്കുന്നു.

ഹൃദയം നടക്കുന്ന വഴികള്‍ said...

നല്ല കഥ :)
ആശംസകള്‍ ...
തുടര്‍ന്നും എഴുതാന്‍ കഴിയട്ടെ :)

വേണു venu said...

കരട് ഉടക്കുന്നുണ്ട്.
തുടരട്ടെ.:)

കൊച്ചുതെമ്മാടി said...

വന്നവര്‍ക്ക്....
വായിച്ചവര്‍ക്ക്...
വിലയിരുത്തിയവര്‍ക്ക്....
സ്നേഹത്തില്‍ പൊതിഞ്ഞ ഒരായിരം നന്ദി......

സിനുമുസ്തു said...

നല്ല കഥയാ...
ഇഷ്ട്ടായിട്ടോ

നീര്‍വിളാകന്‍ said...

കഥ പതിവു പോലെ വളരെ നന്നായിരിക്കുന്നു വായിച്ചതിന് നന്ദി മാത്രം പോരാ...ഉടനെ അടുത്ത കഥയും ഇടണം!!!

നീര്‍വിളാകന്‍ said...

കഥ പതിവു പോലെ വളരെ നന്നായിരിക്കുന്നു വായിച്ചതിന് നന്ദി മാത്രം പോരാ...ഉടനെ അടുത്ത കഥയും ഇടണം!!!

Anonymous said...

കൊച്ചുതെമ്മാടി തന്നെ....................

അരുണ്‍ കായംകുളം said...

ആരാ കരട് ഇട്ടത്?
കൊച്ചു തെമ്മാടിയാ?

khadu said...

കരട് .....!!!കൊള്ളാം....നന്നയിട്ടുണ്ട്..