Sep 2, 2010

ഉഭയജീവിതങ്ങള്‍" സ്ത്രീ ശരീരത്തിനു നേരെ നടക്കുന്ന നല്ലൊരു ശതമാനം ആക്രമണങ്ങള്‍ക്കും ഒരു പരിധി വരെ കാരണം നമ്മള്‍ സ്ത്രീകള്‍ തന്നെയാണ്. ഇങ്ങനെ പറയേണ്ടി വന്നതില്‍ വിഷമം ഉണ്ട്, എന്നിരുന്നാലും നമ്മുടെ മേല്‍ പറന്നു വീഴാന്‍ തക്കം പാര്‍ത്ത് നടക്കുന്ന കഴുകന്കൂട്ടത്തിനു, നമ്മള്‍ വെറും കോഴിക്കുഞ്ഞുങ്ങള്‍ അല്ല എന്ന് തെളിയിച്ച് കൊടുക്കേണ്ടത് നമ്മുടെ കടമയാണ്....വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും നോട്ടത്തിലും നമ്മള്‍ നമ്മുടേതായ ഒരു ഗൌരവവും ഒതുക്കവും കൊണ്ട് വരണം.നമ്മുടെ നടപ്പിലും പ്രവര്‍ത്തിയും ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ ഇത്തരം കടന്നുകയറ്റങ്ങള്‍ തടയാം. ഈ സന്ദര്‍ഭത്തില്‍ ഞാന്‍......"

മാനാഞ്ചിറയ്ക്ക് മുന്നില്‍ വെച്ച് രാവിലെ അവര്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍
അവരുടെ മനസ്സിലൂടെ ഒന്ന് മിന്നി മാഞ്ഞു പോയി.
കല്യാണവും ജീവിതവും മറന്നു വെച്ച് സ്ത്രീശക്തിക്കായി പോരാടാന്‍ ഇറങ്ങിയതിനു ബാക്കിപത്രമായി, ഇത്തരം പ്രസംഗങ്ങളും ചര്‍ച്ചകളും ഒക്കെയേ അവര്‍ക്ക് ഇപ്പോള്‍ ബാക്കിയുള്ളൂ... പ്രായം മുപ്പത്തിഅഞ്ച് കഴിഞ്ഞെങ്കിലും, ആ പഴയ ചുറുചുറുക്കും, സൗന്ദര്യവും ഇപ്പോളും അവരെ വിട്ടു പോയിട്ടില്ല, ഇന്നും എല്ലാ വേദികളിലും സജീവം...

സമയം 12 മണി ആയതിന്റെ അറിയിപ്പ് തന്ന് കിളി കൂട്ടിലേക്ക് തന്നെ മടങ്ങി...
മടുത്ത് മടക്കിയ പുസ്തകം മേശയുടെ മുകളിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞു,
അവര്‍ കസേരയില്‍ നിന്ന് എഴുനേറ്റു...
ലൈറ്റുകള്‍ മൊത്തം അണച്ച്, മൊബൈലില്‍ വന്ന SMS നു മറുപടി അയച്ച് അവര്‍ കിടന്നു...

15 മിനിട്ടുകള്‍ക്ക് ശേഷം വാതിലിനപ്പുറം കേട്ട ചുമയ്ക്ക്, വാതിലിനിപ്പുറത്തെ ചിരിയിനാല്‍ മറുപടി കൊടുത്ത്‌; ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിലൂടെ, ആ ഇടനാഴി കടന്ന് വാതിലിന്റെ കൊളുത്ത് അഴിച്ചതും...
പുറമേ നിന്ന 'കഴുകന്റെ' നീളന്‍ തൂവലുകല്‍ക്കുള്ളിലെക്ക് ആ 'കോഴിക്കുഞ്ഞ്' പറന്നിറങ്ങി....
കഴുകന് ആക്രമിക്കാന്‍ ഒരു ഇട പോലും നല്‍കാതെ, കോഴിക്കുഞ്ഞ് പറന്ന് കൊത്തുന്നത് കണ്ട്
ഒന്ന് മാത്രം കൂക്കി കിളി പോലും കൂട്ടിലേക്ക് ഓടിക്കയറി.....
"സ്ത്രീ- ഒരു ശക്തി", കാറ്റില്‍ പേജുകള്‍ മറിഞ്ഞ് മലര്‍ന്നു കിടന്നു മേശപ്പുറത്ത്....

Mar 1, 2010

സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍


അരികുകള്‍ പൊട്ടിപ്പൊളിഞ്ഞ് മങ്ങിത്തുടങ്ങിയ ബ്ലാക്ക് അന്റ് വൈറ്റ് ചിത്രം പോലെ, ഓര്‍മ്മകള്‍ വരി വരിയായി....
ഹൃദയത്തിന്നിടയിലൂടെ വേദന ഒളിച്ചു കളിക്കുന്നു, ശ്വാസം ഒരപരിചിതനെപ്പോലെ മടിച്ചു മടിച്ചു മാത്രം ....
അടഞ്ഞ കണ്ണിന്റെ മുന്നിലൂടെ പാഞ്ഞു കളിക്കുന്ന കുറേ ചിത്രങ്ങള്‍....

വളഞ്ഞു പുളഞ്ഞോടുന്ന പാടവരമ്പിലൂടെ, അതിനെയും തോല്‍പ്പിച്ച് മുന്നിലോടാന്‍,
കറുത്ത് മെലിഞ്ഞൊരു സൈക്കള്‍ ടയര്‍ കൂടെ വേണമെന്ന് ആദ്യം സ്വപ്നം കണ്ടത്, തലേന്ന് രാജുവിന്റെ കയ്യിലന്നൊന്ന്കണ്ടപ്പോളാണ്...
നീണ്ട കരച്ചിലിനൊടുവില്‍, ഇരുണ്ടു തുടങ്ങിയ ഒരു ഞായറാഴ്ച്ച വൈകുന്നെരമാണ്, ആ സ്വപ്നം, കയ്യിലേക്കെത്തിയത്...

നരച്ച ബോര്‍ഡിലെ, തെളിയാത്ത അക്ഷരങ്ങളെണ്ണി മടുത്തപ്പോള്‍, പതിനാലുകാരന്റെ പൊടിമീശയുടെ കനത്തില്‍,
മതിലു ചാടി, വര്‍ഗ്ഗീസിന്റെ, സൈക്കിളിന്റെ പിറകില്‍ യവനികയില്‍ 'അര നാഴിക നേരം' കാണാന്‍ പോയ രാത്രി,
ഒരു സൈക്കിളായിരുന്നു സ്വപ്നത്തില്‍.....
ആരും ഒരു സാധ്യതയും കാണാഞ്ഞിട്ടും, ആ വര്‍ഷം അവന്‍ പത്ത് പാസ്സായി...
വീടിന്റെ പിന്നാമ്പുറത്തെ ചായ്പ്പിലേക്ക് ഒരു സൈക്കിളും...

വര്‍ഷങ്ങള്‍ നീണ്ട് നിവര്‍ന്ന് ഓടുന്നതിനിടയില്‍,
പല സ്വപ്നങ്ങളുടെയും നിറം മങ്ങി, ചിലതിന്റെ നിറമിളകി..ഇടയില്‍ ചിലതിനു നിറം വെച്ചു..

സ്വപ്നങ്ങള്‍, മാരത്തോണിനിടയില്‍ ഊര്‍ജ്ജം പകരുന്ന ഗ്ലൂക്കോസ് പൊടി പോലെ....
എന്തോ..എപ്പോഴും ആ വെളുത്ത പൊടിമഴ തൂവിക്കൊണ്ടേയിരുന്നു....

നനഞ്ഞ മണ്ണ് നിറഞ്ഞു നിന്ന മുറ്റം, കോണ്‍ക്രീറ്റിനും;
വാഴയും കപ്പയും, റോസിനും ആന്തൂറിയത്തിനും;
മുള്ളു വേലി, കരിങ്കല്‍ കെട്ടിനും, വഴിമാറിയപ്പോ...
അയല്‍ വാസികളുടെ, നോട്ടവും സംരക്ഷണവും, തൊപ്പിവച്ച ഗൂര്‍ക്കയ്ക്കും, വാലു വെച്ച പട്ടിക്കും തീറെഴുതി.....
ഇതിനിടയിലെവിടൊക്കെയോ എന്തൊക്കെയോ കരിഞ്ഞെങ്കിലും,
അപ്പോഴും ഒരു സ്വപ്നം നിറഞ്ഞു കത്തി നിന്നിരുന്നു......

ഒരു പകലിന്റെ പാതി നടന്നാല്‍ തീരാത്തത്ര നീളത്തില്‍ കമ്പനി‍,
പേരിന്റെ തുമ്പില്‍ കെട്ടിയിട്ടാല്‍ നിലത്തിഴയുന്നത്ര പദവികള്‍, പെരുമകള്‍...
എന്നും പുതിയ ഒരോ നേട്ടങ്ങള്‍, ലാഭക്കണക്കുകള്‍....
ഒന്നിനു പിറകെ ഒന്നായി, ഒരോന്ന് ഓങ്ങിയെടുക്കുമ്പോളും ആ വെളുത്ത് പൊടിമഴ പിന്നെയും പിന്നെയും പെയ്തുകൊണ്ടേയിരുന്നു....
നിര്‍ത്താത്ത ഓട്ടത്തിനിടയില്‍, അന്നന്ന് കറുത്തു കൊണ്ടിരുന്ന കൈകളിലേക്ക്...

നിറം മങ്ങുന്ന സ്വപ്നങ്ങള്‍ക്ക് പകരം ഇരട്ടിയായി നിറമുള്ള സ്വപ്നങ്ങള്‍ വന്നപ്പോള്‍...
ആ ഓട്ടത്തിനൊരിക്കലും മുട്ടു വന്നില്ല... തളര്‍ച്ചയും....
പക്ഷെ, ഇതിനിടയില്‍ ചുറ്റും നിറമിളകി നിലം പതിച്ച ഒരുപാട് സ്വപ്നങ്ങള്‍ കാണാന്‍ മറന്നു..
മകന്റെ ഉയര്‍ച്ചയില്‍ സന്തോഷിച്ച്, ഒരു പാട് സ്വപ്നങ്ങള്‍ നെയ്ത അച്ഛനമ്മമാര്‍,
സ്വപ്നം തെളിച്ച രഥത്തില്‍ കയറി ആ വീട്ടുമുറ്റത്തിറങ്ങിയ ഭാര്യ.....
മടിയിലിരുത്തിയുള്ള ലാളന സ്വപ്നം കണ്ടുറങ്ങി മടുത്ത മക്കള്‍...
എല്ലാം, എല്ലാം....ഇപ്പൊള്‍ ഇതാ വരിവരിയായി...ഉടയാതെ...കണ്ണിനു മുന്നിലൂടെ......

കൂടെ നടന്ന എല്ലാവരും പലപ്പോഴായി കൈ വിട്ടു...ചില കൈകള്‍ പലപ്പോഴായി വിടീപ്പിച്ചു....
എന്നും എപ്പോഴും കൂടെ ഉണ്ടായിരുന്ന സ്വപ്നങ്ങള്‍ ഇന്ന്, ആദ്യമായി ആ കൈ വിട്ടു...
പിന്നെ...ദാ, ഇപ്പോ...ജീവിതം മുഴുവന്‍ വരി വരിയായി മുന്നില്‍ നിറഞ്ഞു നിന്നപ്പോള്‍,
താന്‍ നഷ്ടപ്പെടുത്തിയ ജീവിതം അയാളെ നോക്കി കൊഞ്ഞനം കുത്തി...
കണ്‍കോണീലേക്ക് ഒരു നീര്‍തുള്ളിയെ ഉരുട്ടി വിട്ട്, ഹൃദയം അത് ശരി വെച്ചു....
ഹൃദയത്തിനരികിലൂടെ വേദന അരിച്ചിറങ്ങുന്നതയാള്‍ അവസാനമായൊന്നറിഞ്ഞു.....

തണുത്തു മരവിച്ച ആ ആശുപത്രി മുറിയില്‍ നിന്നും, ആ ജീവനൊപ്പം ആനാഥമായ കുറേ ‘സ്വപ്നങ്ങളും‍’ ഊര്‍ന്നിറങ്ങി....
മരണം വരെ തങ്ങള്‍ക്ക് പിറകേ മരണപ്പാച്ചില്‍ പാഞ്ഞ്, ജീവിതം നഷ്ടപ്പെടുത്താനുള്ള അടുത്ത ഇരയെയും തേടി..

ഋതു- കഥയുടെ വസന്തം എന്ന ചെറുകഥാ ബ്ലോഗില്‍ പ്രസിധീകരിച്ചത്...

Feb 14, 2010

ഋതു - കഥയുടെ വസന്തം

സുഹ്രുത്തുക്കളേ,
ഒരു ബ്ലോഗ് പരിചയപ്പെടുത്തുന്നു...
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ഋതു-കഥയുടെ വസന്തം’ എന്ന ഗ്രൂപ്പ് ബ്ലോഗ്.

ഇടവേളയുടെ കൌതുകത്തിനപ്പുറം, ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെസമീപിക്കുന്ന
എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരൂ...
കഥകള്‍ വായിക്കൂ..എഴുതൂ..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്,
ഓരോ മാസവും മികച്ച രണ്ടു കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന 24 കഥകളില്‍,
ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!

ഇവിടം സന്ദര്‍ശിക്കൂ
ഋതു ‌- കഥയുടെ വസന്തം

Jan 31, 2010

ചതുപ്പുനിലങ്ങള്‍
ആ‍സക്തിയുടെ
അവസാന ആളലില്‍ ദേഹത്ത് ഒട്ടിപ്പിടിച്ച

പശ
ഉണങ്ങിത്തുടങ്ങിയപ്പോള്‍ അയാള്‍ ഒന്നെഴുന്നേറ്റു.
കറുത്ത കമ്പളം കൈ കൊണ്ട് നീക്കി, ആ രണ്ടും രണ്ടായി വേര്‍പെടുത്തി
അയാള്‍ നിലത്തേക്ക് ഇഴഞ്ഞിറങ്ങി...ഇല്ലാതിരുന്ന മുണ്ടൊന്നിളക്കി കുത്തി,
ഇടനാഴിയിലൂടെ ജനലിനടുത്തേക്ക്...
പുറത്ത്;
ആകാശത്ത് പടര്‍ന്നു കൊണ്ടിരുന്ന നരച്ച രക്തവര്‍ണ്ണം,
കറുപ്പിനു വഴിമാറിക്കൊടുക്കുന്നു..
നടുവില്‍ മക്കളേയും ചേര്‍ത്ത് ഒരു പക്ഷിക്കൂട്ടം ആ ജനലിന്റെ അടുത്തൂടെ കൂട്ടിലേക്ക്...
കമ്പിയിഴകള്‍ക്കിടയിലേക്ക് കൈ ഒന്നു താങ്ങി, അയാള്‍ ഒരു സിഗെരറ്റെടുത്ത് കൊളുത്തി.
വട്ടം വട്ടമായി മുകളിലേക്ക് ഉയര്‍ന്ന പുകച്ചുരുളുകള്‍,
ഓര്‍മകളുടെ കാര്‍മേഘമായി അവിടെത്തന്നെ തങ്ങി...
ഒരു പെട്ടി മുട്ടായിയുടെ ഓഫെറില്‍, യാത്രയ്ക്ക് സമ്മതിച്ച മകള്‍,
എത്തിയിട്ട് വിളിക്കണേ എന്ന ഓര്‍മ്മപ്പെടുത്തില്‍ സ്നേഹം നിറച്ച ഭാര്യ...
എല്ലാം, എല്ലാമെല്ലാം യാത്രയ്ക്ക് ഇടയില്‍
എവിടെയോ വെച്ചു മറന്ന പോലെ തോന്നി അയാള്‍ക്ക്....
തളര്‍ന്ന ശരീരത്തിന്റെ ഒപ്പം,തളര്‍ന്നു തുടങ്ങിയ ആ മനസ്സിനെ ആ പുകച്ചുരുളുകള്‍
കുറ്റബോധത്തിന്റെ ചതുപ്പുനിലത്തേക്ക് വലിച്ചിറക്കി....
ആഴ്ന്ന് ആഴ്ന്ന് പോകുന്നതിനിടയില്‍ എല്ലാം വെറുത്ത്,മതിയാക്കാന്‍ തുടങ്ങി
അയാളുടെ മനസ്സ്....
പെട്ടെന്ന്...
പിറകില്‍ എന്തോ നിരങ്ങുന്ന ശബ്ദം.. ഒരു രാത്രിയുടെ കരാറില്‍ ഒപ്പം വന്നവള്‍,
നനഞ്ഞ ടവ്വലില്‍ പാതി മറച്ച്, പാതി തെളിച്ച് പിറകില്‍...
വെള്ളമിറ്റിറ്റു വീഴുന്ന മുടിയിഴകള്‍, വെളുത്ത പുറം, മിനുത്ത കാലുകള്‍....
രാത്രി ഇനിയും ഒരുപാട് ബാക്കി കിടക്കുന്നതു കൊണ്ടാവും, കുളി കഴിഞ്ഞവള്‍ വീണ്ടും...
വീണ്ടും അതേ പുകച്ചുരുളുകള്‍, അയാളെ ആ ചതുപ്പില്‍ നിന്നൊന്നുയര്‍ത്തി...
കൂടെ മറ്റൊന്നും...!
ചുണ്ടിലൊളിപ്പിച്ചൊരു ചെറുചിരിയുമായി അടുത്ത ചതുപ്പും തേടി, അയാള്‍
വീണ്ടും അകത്തേക്ക്....

Jan 11, 2010

“ലാസ്റ്റ് ഷോ..”കരളുരുകിയൊലിച്ചതിത്തിരി കണ്ണിനിടയിലൂടിറങ്ങിയപ്പോ,
മുഖത്ത് തേച്ചു വച്ച ചിരി അത് ഒപ്പിക്കളഞ്ഞു..
വരാന്തകളില്‍ അനന്തമായി നീളുന്ന ഏറ്റു പറച്ചിലുകള്‍, വാഗ്ദാനങ്ങള്‍, കരാറുകള്‍;
അപ്പൊഴും ഒരു തിര പോലെ അവനുചുറ്റും ഉയര്‍ന്നു താഴ്ന്നു കൊണ്ടിരുന്നു...
എന്നും കൂട്ടായി കൂടെ നടന്ന ആ വരാന്തകള്‍,
ഇന്നെന്തോ തന്നെ കണ്ട ഭാവം പോലുമില്ലാത്ത പോലെ...
വിരലുകള്‍ക്കിടയില്‍ എന്നും സൌഹ്രദത്തിന്റെ വിരല്‍ തിരുകി കൂടെ നടന്നവര്‍,
പറച്ചു നടലിന്റെ തിരക്കിലെവിടെക്കെയോ.......
പെയ്യാന്‍ കൂട്ടാക്കാതെ, വിങ്ങലിന്റെ വിഹ്വലതകള്‍ കുടഞ്ഞിടുന്ന കാര്‍മേഘത്തെ പോലെ,
ഒന്ന് പെയ്തൊഴിയാന്‍ പോലും കൂട്ടാക്കാതെ മനസ്സും...

അഞ്ച് വര്‍ഷം ഒരു ജീവിതത്തില്‍ ഒന്നുമല്ലായിരിക്കാം...പക്ഷെ ഈ അഞ്ച് വര്‍ഷം മാത്രമായിരുന്നു എന്റെ ജീവിതം...
നാളെ ഞാന്‍ കടല്‍ കടന്ന് ഇതിലും വലിയ അക്ഷരങ്ങള്‍ പേരിന്റ്റെ കൂടെ കൂട്ടിയേക്കാം...
മറ്റന്നാള്‍ തിരക്കില്‍ നിന്നു തിരിയാനീടമില്ലാത്ത ഒരു ഡോക്ടര്‍ ആയേക്കാം...
ഇതിലും വലിയ ബന്ധങ്ങളിലെ കണ്ണിയായേക്കാം.....
എന്നാലും, എന്റെ ജീവിതത്തിലെ ലാസ്റ്റ് ഷോ ഇന്ന് ഇതാ ഈ അരങ്ങില്‍ ആടി തിമിര്‍ക്കുകയാണ്....

പട്ടാളച്ചിട്ടയുടെ മതിലുകള്‍ക്കുള്ളില്‍,
വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും മാറിക്കളിക്കുന്ന ക്ലാസ്ചുവരുകള്‍ക്കിടയില്‍
എന്നെ ഒഴിവാക്കി അകലേക്ക് നടന്ന എന്റെ ജീവിതം,
എന്റെ അടുക്കലേക്ക് ഓടി വന്ന് എന്റെ കൂടെ താമസിച്ച നാളുകള്‍, അഞ്ച് വര്‍ഷങ്ങള്‍....

ഉള്ളിലൊളിച്ച്, ചങ്ക് പിടഞ്ഞ പ്രണയം,
കളിയാക്കലുകള്‍ കരളില്‍ കുത്തിയിറക്കിയ മോഹങ്ങള്‍,
അറിയാതെയെപ്പൊഴോ മനസ്സില്‍ മുറിയെടുത്തു കൂടിയ മുഖങ്ങള്‍,
എത്ര പറഞ്ഞാലും തീരാത്ത കഥകള്‍,
ഉറക്കമൊഴിഞ്ഞ് ചര്‍ച്ച ചെയ്ത് തെറ്റിപ്പിരിഞ്ഞ സിനിമാ അവലോകനങ്ങള്‍,
ഡിസംബറിലെ തണുത്ത കാറ്റടിക്കുമ്പോള്‍,
ഹോസ്റ്റലിലെ പാരപ്പെറ്റിനു മുകളില്‍ നിരന്ന് നിന്ന് നീട്ടിയൊഴിച്ച് വരച്ചെടുത്ത ചിത്രങ്ങള്‍....
എല്ലാം, എല്ലാം....
അന്യോന്യം, വാരി വിതറുന്ന വര്‍ണ്ണങ്ങളില്‍,
മുഖത്ത് തേയ്ക്കുന്ന കേക്കിന്‍ കഷ്ണങ്ങളില്‍,
കൈകൊടുത്തു ഉറപ്പിക്കുന്ന വാഗ്ദാനങ്ങളില്‍,
കെട്ടിപ്പിടിച്ച് ഒഴുക്കുന്ന കണ്ണീരില്‍,
അലിഞ്ഞലിഞ്ഞ് അങ്ങനെ അങ്ങനെ.......

ഇരുട്ട് പരന്നു തുടങ്ങി, വാഹനങ്ങള്‍ മുരണ്ടു തുടങ്ങി...
അവസാനത്തെ ഷോയ്ക്കിടയില്‍ മുഖത്ത് പറ്റിപ്പിടിച്ച ചായങ്ങള്‍ തൂത്തെറിഞ്ഞ്
ഒരിക്കലും പാലിക്കപ്പെടാത്ത ഒരുപാട് വാഗ്ദാനങ്ങളുടെ നടുവിലേക്ക് എല്ലാവരും.....
കൂട്ടത്തില്‍ ഈ ഞാനും...