Jan 11, 2010

“ലാസ്റ്റ് ഷോ..”കരളുരുകിയൊലിച്ചതിത്തിരി കണ്ണിനിടയിലൂടിറങ്ങിയപ്പോ,
മുഖത്ത് തേച്ചു വച്ച ചിരി അത് ഒപ്പിക്കളഞ്ഞു..
വരാന്തകളില്‍ അനന്തമായി നീളുന്ന ഏറ്റു പറച്ചിലുകള്‍, വാഗ്ദാനങ്ങള്‍, കരാറുകള്‍;
അപ്പൊഴും ഒരു തിര പോലെ അവനുചുറ്റും ഉയര്‍ന്നു താഴ്ന്നു കൊണ്ടിരുന്നു...
എന്നും കൂട്ടായി കൂടെ നടന്ന ആ വരാന്തകള്‍,
ഇന്നെന്തോ തന്നെ കണ്ട ഭാവം പോലുമില്ലാത്ത പോലെ...
വിരലുകള്‍ക്കിടയില്‍ എന്നും സൌഹ്രദത്തിന്റെ വിരല്‍ തിരുകി കൂടെ നടന്നവര്‍,
പറച്ചു നടലിന്റെ തിരക്കിലെവിടെക്കെയോ.......
പെയ്യാന്‍ കൂട്ടാക്കാതെ, വിങ്ങലിന്റെ വിഹ്വലതകള്‍ കുടഞ്ഞിടുന്ന കാര്‍മേഘത്തെ പോലെ,
ഒന്ന് പെയ്തൊഴിയാന്‍ പോലും കൂട്ടാക്കാതെ മനസ്സും...

അഞ്ച് വര്‍ഷം ഒരു ജീവിതത്തില്‍ ഒന്നുമല്ലായിരിക്കാം...പക്ഷെ ഈ അഞ്ച് വര്‍ഷം മാത്രമായിരുന്നു എന്റെ ജീവിതം...
നാളെ ഞാന്‍ കടല്‍ കടന്ന് ഇതിലും വലിയ അക്ഷരങ്ങള്‍ പേരിന്റ്റെ കൂടെ കൂട്ടിയേക്കാം...
മറ്റന്നാള്‍ തിരക്കില്‍ നിന്നു തിരിയാനീടമില്ലാത്ത ഒരു ഡോക്ടര്‍ ആയേക്കാം...
ഇതിലും വലിയ ബന്ധങ്ങളിലെ കണ്ണിയായേക്കാം.....
എന്നാലും, എന്റെ ജീവിതത്തിലെ ലാസ്റ്റ് ഷോ ഇന്ന് ഇതാ ഈ അരങ്ങില്‍ ആടി തിമിര്‍ക്കുകയാണ്....

പട്ടാളച്ചിട്ടയുടെ മതിലുകള്‍ക്കുള്ളില്‍,
വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും മാറിക്കളിക്കുന്ന ക്ലാസ്ചുവരുകള്‍ക്കിടയില്‍
എന്നെ ഒഴിവാക്കി അകലേക്ക് നടന്ന എന്റെ ജീവിതം,
എന്റെ അടുക്കലേക്ക് ഓടി വന്ന് എന്റെ കൂടെ താമസിച്ച നാളുകള്‍, അഞ്ച് വര്‍ഷങ്ങള്‍....

ഉള്ളിലൊളിച്ച്, ചങ്ക് പിടഞ്ഞ പ്രണയം,
കളിയാക്കലുകള്‍ കരളില്‍ കുത്തിയിറക്കിയ മോഹങ്ങള്‍,
അറിയാതെയെപ്പൊഴോ മനസ്സില്‍ മുറിയെടുത്തു കൂടിയ മുഖങ്ങള്‍,
എത്ര പറഞ്ഞാലും തീരാത്ത കഥകള്‍,
ഉറക്കമൊഴിഞ്ഞ് ചര്‍ച്ച ചെയ്ത് തെറ്റിപ്പിരിഞ്ഞ സിനിമാ അവലോകനങ്ങള്‍,
ഡിസംബറിലെ തണുത്ത കാറ്റടിക്കുമ്പോള്‍,
ഹോസ്റ്റലിലെ പാരപ്പെറ്റിനു മുകളില്‍ നിരന്ന് നിന്ന് നീട്ടിയൊഴിച്ച് വരച്ചെടുത്ത ചിത്രങ്ങള്‍....
എല്ലാം, എല്ലാം....
അന്യോന്യം, വാരി വിതറുന്ന വര്‍ണ്ണങ്ങളില്‍,
മുഖത്ത് തേയ്ക്കുന്ന കേക്കിന്‍ കഷ്ണങ്ങളില്‍,
കൈകൊടുത്തു ഉറപ്പിക്കുന്ന വാഗ്ദാനങ്ങളില്‍,
കെട്ടിപ്പിടിച്ച് ഒഴുക്കുന്ന കണ്ണീരില്‍,
അലിഞ്ഞലിഞ്ഞ് അങ്ങനെ അങ്ങനെ.......

ഇരുട്ട് പരന്നു തുടങ്ങി, വാഹനങ്ങള്‍ മുരണ്ടു തുടങ്ങി...
അവസാനത്തെ ഷോയ്ക്കിടയില്‍ മുഖത്ത് പറ്റിപ്പിടിച്ച ചായങ്ങള്‍ തൂത്തെറിഞ്ഞ്
ഒരിക്കലും പാലിക്കപ്പെടാത്ത ഒരുപാട് വാഗ്ദാനങ്ങളുടെ നടുവിലേക്ക് എല്ലാവരും.....
കൂട്ടത്തില്‍ ഈ ഞാനും...

12 comments:

കൊച്ചുതെമ്മാടി said...

ഇന്നും ഈ തോരാത്ത വാഗ്ദാനങ്ങള്‍ക്ക് നടുവില്‍, ഒറ്റയ്ക്ക് ഈ ഞാന്‍..

ഒരു നുറുങ്ങ് said...

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ക്ക് മാധുര്യമേറും,പാലിക്കപ്പെടുന്നവക്ക്
കയ്പേറും..ആള്‍ക്കൂട്ടത്തിലങ്ങിനെയലിഞ്ഞലിഞ്ഞില്ലാതാവം വാഗ്ദാനങ്ങള്‍
ഒട്ടുമില്ലാത്തിടത്തു.. ആശംസകള്‍.

ശ്രീ said...

ഒരു നൊമ്പരം...

പോസ്റ്റ് നന്നായി

sunil panikker said...

കൊള്ളാമെടാ കൊള്ളാം..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നൊമ്പരപ്പെടുത്തുന്ന വാഗ്ദാനങ്ങളുടെ ഓർമ്മയിൽ :

JIGISH said...

"ഡിസംബറിലെ തണുത്ത കാറ്റടിക്കുമ്പോള്‍, ഹോസ്റ്റലിലെ പാരപ്പെറ്റിനു മുകളില്‍ നിരന്ന് നിന്ന് നീട്ടിയൊഴിച്ച് വരച്ചെടുത്ത ചിത്രങ്ങള്‍..."

ഗ്രേറ്റ്.! ഈ ചിത്രങ്ങള്‍ക്ക് നല്ല മിഴിവുണ്ട്.! ഹൃദയരക്തത്തിന്റെ
ചുവപ്പുനിറമുണ്ട്.! സ്നേഹം വേദനയുടെ രൂപം കൈക്കൊള്ളു മ്പോഴുള്ള വിങ്ങുന്ന മൌനം അവയെ ആര്‍ദ്രമായ ഒരനുഭൂതിയാക്കി മാറ്റുന്നു.!

അവസാനദിവസത്തില്‍, അവസാനനിമിഷത്തില്‍,
അടരുന്ന പാതിരാപ്പൂവുപോലെ, മറ്റൊരു ലാസ്റ്റ് ഷോയുടെ ഓര്‍മ്മയില്‍ ഞാനും സ്വയം നഷ്ടപ്പെടുന്നു.!!!

അംജിത് നെടുംതോട് said...

"നാളെ ഞാന്‍ കടല്‍ കടന്ന് ഇതിലും വലിയ അക്ഷരങ്ങള്‍ പേരിന്റ്റെ കൂടെ കൂട്ടിയേക്കാം...
മറ്റന്നാള്‍ തിരക്കില്‍ നിന്നു തിരിയാനീടമില്ലാത്ത ഒരു ഡോക്ടര്‍ ആയേക്കാം...
ഇതിലും വലിയ ബന്ധങ്ങളിലെ കണ്ണിയായേക്കാം....."

ഇതൊഴിച്ചു ബാക്കി എല്ലാം കൊള്ളാം ;-)

കുമാരന്‍ | kumaran said...

സൂപ്പര്‍ ഹെഡിങ്ങ്.

pattepadamramji said...

വാഗ്ദാനങ്ങള്‍ എപ്പോഴും നൊമ്പരങ്ങള്‍ ഉണ്ടാക്കാനാണ് സാദ്ധ്യത.
കൊള്ളാം.

റ്റോംസ് കോനുമഠം said...

ഒത്തിരി കാര്യങ്ങള്‍ പറഞ്ഞുതന്നതിന്‌ നന്ദി..
വിശേഷായിരിക്കുന്നു..ഏറെ ഇഷ്ടായീ...

വേണു venu said...

കൂട്ടത്തില്‍ ഈ ഞാനും..
ഒരിക്കലും കൂട്ടം തെറ്റരുത്.

ഒഴാക്കന്‍. said...

പഹയാ ആനക്ക് ഒരു കബിത എയ്തിക്കൂടെ?....

പോസ്റ്റ്‌ പുലി ആയി!!