Nov 2, 2011

സ്മൈലികളുടെ മഞ്ഞത്തലകള്‍..!


മൊബൈല്‍ അലാറത്തിന്റെ സംഗീതത്തില്‍ ആരംഭിക്കുന്ന ഒരു ദിവസം,
രാത്രി അതേ മൊബൈലിലെ പാട്ടിന്റെ ഈണത്തിനൊപ്പം ഉറങ്ങിത്തീരുമ്പോള്‍...
പല ദിവസങ്ങളും ഒരു മിസ്സ്ഡ് കോള്‍ പോലും അവശേഷിപ്പിക്കാതെ, ഒന്നുമല്ലാതായിത്തീരുന്നു...
ചിലവ, ചില റിമൈന്‍ഡറുകള്‍ അവശേഷിപ്പിച്ച്...

അന്ന്, ‘ഉറങ്ങാന്‍ പോവുന്നേ’ എന്ന് കൊട്ടിഘോഷിക്കാന്‍ എസ്എംസുകളെ നാലുപാടും പറഞ്ഞയച്ച്;
തിരിച്ചു വരുന്ന ചില മറുപടികള്‍ക്കായി ഉറക്കമിളയ്ക്കുകയായിരുന്നു...
പ്രതീക്ഷിക്കപ്പെട്ട ചില മെസ്സേജുകളിലെ മറുപടിയില്ലായ്മയെ ചൂഴ്ന്നാലോചിച്ചാലോചിച്ച്,
അലോചന ആധിയായി വളര്‍ന്നതിനെ ഒരു മിസ്സ് കോളിന്റെ തുമ്പില്‍ കെട്ടിവിട്ട്;
ഞാനൊന്നു തിരിഞ്ഞു കിടന്നു.

നിദ്രാദേവതയുടെ കടന്നാക്രമണത്തില്‍ തകര്‍ന്നടിഞ്ഞതാവാമെന്നു മനസ്സ് ആശ്വസിച്ചെങ്കിലും...
അത് കൂട്ടാക്കാതെ രണ്ട് റിംഗിന്റെ ഒരു മിസ്സ് കോള്‍ കൂടി.
“ഞാന്‍ ഉറങ്ങിയിട്ടും വിളിച്ചതെന്തിനായിരുന്നു” എന്ന ചോദ്യത്തിനു മുന്നില്‍ നാളെ സൈലന്‍റ് മോഡില്‍ ആവാതിരിക്കാനായി കൊടുത്തു സംഘാംഗങ്ങള്‍ക്കും ഓരോന്ന്....

അറിയാതെവിടെങ്കിലും അരുതാത്തതെന്തെങ്കിലും അടര്‍ന്നു വീണോ എന്ന ആശങ്കയില്‍, ഒരു ക്ലാസ്സിക് റിവൈൻഡ്...
കാള്‍ ലോഗ്സുകളിലൂടെ.. സെന്‍റ് ബോക്സുകളിലൂടെ.... ഓര്‍ഗനൈസറുകളിലൂടെ...
അടുത്തിരിക്കുന്നതിന്‍റെ ഭംഗിയും സന്തോഷവും, നടുവില്‍ ഞെളിഞ്ഞിരുന്നിളിച്ച ജോണ്‍ തകര്‍ത്തപ്പോള്‍;
ആ ഗ്രൂപ്പ് ഫോട്ടോ, പിക്ചര്‍ മേനേജറിലേക്ക് തട്ടി, zoom modeല്‍ ഒരു സൊയമ്പന്‍ എഡിറ്റ്..

കേള്‍ക്കാതായിപ്പോവുമോ എന്ന ആശങ്ക , വിരലിലൂടരിച്ചിറങ്ങി;
‘മിണ്ടാതിരി..ഉറങ്ങട്ടെ' എന്ന പ്രൊഫൈല്‍ മാറ്റി
‘ആര്‍പ്പുവിളി' എന്ന പ്രൊഫൈല്‍ അക്‍റ്റിവേറ്റ് ആക്കി...
ഇനി എന്നെ അറിയിക്കേണ്ട ചുമതല, എ.ആര്‍. റഹ്മാന്‍റെ രണ്ട് കോടിയുടെ ട്യൂണിനും, പിന്നെ ആ വിറയലിനും...
ഇല്ല, വൈബ്രേഷന്‍ ഒന്നുമില്ല... രണ്ട് ഫോണുകളും ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലിതുവരെ....
മുഹമ്മദ് റാഫിയുടെ ‘ചാദ് വീ കാ ചാന്ദ്’ പോസ് മാറി വീണ്ടും പ്ലെയിലേക്ക്...

ഉറക്കം കളയുന്ന മൌനത്തേക്കാള്‍ നല്ലത്, പണം കളയുന്ന ഒരു കോളാണെന്ന് മനസ്സിലാക്കി,
നീണ്ട നാല് റിങ്ങുകളും, ഒരു കുഞ്ഞു ഹലോയും പ്രതീക്ഷിച്ച് ഒരു ഡയല്‍...
“ആ ബുക്ക് എടുക്കണേ“ എന്നൊരു ഓര്‍മ്മപ്പെടുത്തല്‍,
എന്നാപ്പിന്നെ ഉറങ്ങിക്കോ എന്ന സമ്മതം കൊടുക്കലില്‍ സ്വന്തം ഉറക്കം കണ്ടെത്തല്‍.... അത്രമാത്രം..!!
പക്ഷെ പരാജയം നെറ്റ്വര്‍ക്ക് ബിസിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍,
നിരാശയും, ദേഷ്യവും സ്ക്രീന്‍സേവറായി നിറഞ്ഞു...
മനസ്സിന്റെ കീപാഡ് ലോക്ക് ആയ പോലെ..!!!

ഉച്ചയ്ക്ക് കോളെജില്‍ അടുത്തിരുന്ന് ബ്ലൂടൂത്തും കാണിച്ചുള്ള ചിരി സെന്‍റ് ചെയ്ത് കളിച്ചതാണല്ലോ..
എന്നിട്ടെന്തേ, ഇത്ര പെട്ടന്നു ഇങ്ങനെ ഹാങ്ങ് ആവാന്‍...
ബിസിയുടെ ഡയലര്‍ ടോണ്‍ കഴിഞ്ഞിട്ടുണ്ടാവുമെന്ന വിശ്വാസത്തില്‍, ഒരു റീഡയല്‍...
ഇല്ലാ, നാലു ബീപ് ടോണുകള്‍ക്കപ്പുറത്തേക്ക് ഒന്നും തന്നെയില്ല.
വാലിഡിറ്റി കഴിഞ്ഞ സിംകാര്‍ഡ് പോലെ എല്ലാം ശൂന്യം.
മനസ്സാകെ സ്വിച്ച്ഡ് ഓഫ് ആകാന്‍ പോവുന്ന പോലെ..
ലോ ബാറ്റെറി കാണിച്ചതു പോലുള്ള ഒരു പരവേശം..
കോണ്ടാക്റ്റ്സ്, ‘ഡിലീറ്റ് ആള്‍‘ കൊടുത്തു പോയവന്റെ നിസ്സഹായാവസ്ഥയില്‍ ഞാന്‍....

സക്കീര്‍ ഹുസൈന്റെ തബല ഒന്ന് അടിച്ചു നിന്നു..
‘1 new message’.
അഞ്ഞൂറു രൂപയുടെ ഫ്ലെക്സി റീച്ചാര്‍ജ് മാറിക്കയറിക്കിട്ടിയവന്റെ സന്തോഷത്തോടെ ഞാന്‍, റീഡ് ക്ലിക്കി :
“അളിയോ അപ്പോ എല്ലാം പറഞ്ഞപോലെ. ഗുഷ് നൈറ്റ് “
Sender: Ajesh College
ഫൂ... നീട്ടിയൊരാട്ടും വലിച്ചൊരേറും ആയിരുന്നു.

'കടവാതിലുകള്‍ തോരണം തൂക്കിയ, നിലവറയുടെ നടുവില്‍ എന്‍റെ മൊബൈല്‍ നിന്നു കത്തുന്നു....
ഒരു മെഴുകുതിരിയേക്കാള്‍ മിഴിവോടെ...
റിങ്ങ് ടോണുകള്‍ പുകയായി ഉയരുമ്പോള്‍,
മള്‍ട്ടിമീഡിയ മെസ്സേജുകള്‍ ഒലിച്ചിറങ്ങുകയായിരുന്നു..
ഈശ്വരാ.. ന്റെ കോണ്ടാക്റ്റ്സെല്ലാം...!!!'
ഞെട്ടിയെഴുന്നേറ്റപ്പോള്‍ നേരം പുലരാന്‍ മിനിറ്റുകള്‍ മാത്രം..!
പരതി നോക്കി, ഇല്ല ഒരു മെസ്സേജു പോലും......

മനസ്സിനെ അടക്കിക്കിടത്തി വീണ്ടും ഉറക്കത്തിലേക്ക്..
അലാറത്തിന്‍റെ അലറലില്‍ ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍ മണി എട്ടു കഴിഞ്ഞിരുന്നു...
ഒപ്പം സ്വീകരിച്ചത്; '13 new messages’ എന്ന നോട്ടിഫിക്കേഷനും...
‘ഡാ യില്‍ തുടങ്ങി, ‘എവിടെയാ, എന്തെടുക്കുവാ‘ എന്നതിലൂടെ വളര്‍ന്ന്, ‘മിസ്സ് യു‘ എന്നതില്‍ അവസാനിച്ച ഒരു മെസ്സേജു പരമ്പര..
നെറ്റ്വര്‍ക്കിന്‍റെ നൂലാമാലകളിലെവിടെയോ തട്ടിത്തടഞ്ഞു തങ്ങിപ്പോയ മെസ്സേജുകള്‍...
എന്‍റെ ഹൃദയം പോലെ തന്നെ, അവളുടെ ഹൃദയവും പിടയുന്നുണ്ടെന്നു ഞാനറിഞ്ഞ ആ മെസ്സേജുകള്‍..
സ്മൈലികളുടെ മഞ്ഞത്തലകള്‍ വിരിഞ്ഞുനില്ക്കുന്ന പാടത്തിനിടയിലൂടെ
-2x സ്പീഡില്‍ ഓടി വരികയായിരുന്നു അവളപ്പോള്‍... എന്റെ ജീവിതത്തിലേക്ക്..

"Love looks not with the eyes, but with the mind,
And therefore is winged Cupid painted blind,"
-William Shakespeare-
Quote of the day മെസ്സേജ് മൊബൈലില്‍ വന്നു ഒന്നു മിന്നിനിന്നു


Feb 13, 2011

വിവാഹം സ്വര്‍ഗത്തില്‍..!!


നിറഞ്ഞു കത്തുന്ന ആ നിലവിളക്കിനു മുന്‍പില്‍ ഇരിക്കുമ്പോള്‍,
ആ തിരിയെക്കാള്‍ വേഗത്തില്‍ ഉരുകുകയായിരുന്നു അവള്‍...

നീണ്ട നാളത്തെ അവളുടെ നിലവിളികള്‍ക്കൊടുവില്‍; അച്ഛന്‍ അവളോട്‌ അന്നൊന്നു സംസാരിച്ചു...
രണ്ടു വാക്കുകളില്‍ ഒതുങ്ങിയ ആ സംസാരത്തില്‍, നാളെ അവര്‍ വരും എന്ന് മാത്രം അവള്‍ക്ക് മനസ്സിലായി...
ബാക്കിയെല്ലാം,ആ രാത്രിയിലെ ഒരുപാട് നീണ്ട മണിക്കൂറുകള്‍ക്കും...

രാത്രി മുഴുവന്‍ ഉറങ്ങാതെ കരഞ്ഞു കലങ്ങിയ കണ്ണുകളെ,
മനോഹരം എന്നവന്‍ നീട്ടി പറഞ്ഞപ്പോള്‍
മുഖമടച്ചൊന്നാട്ടാന്‍ ആണ് അവള്‍ക്ക് തോന്നിയത്..

അഞ്ചു വര്‍ഷത്തെ പ്രണയം ഒരു നോട്ടിസ് പോലുമില്ലാതെ,
ഒരു ദിവസത്തെ പരാക്രമത്തില്‍ തകര്‍ത്തെറിഞ്ഞ അച്ഛനെ.....
അഞ്ചു വര്‍ഷത്തെ പ്രണയം, ഒരു ദിവസം കൊണ്ട് കൈയ്യെത്താ ദൂരത്തേക്ക് തട്ടി മാറ്റുന്നത്
നിസ്സഹായതയോടെ കണ്ട നിന്ന അവനെ....
...വെറുത്തു തുടങ്ങിയിരുന്നു അവള്‍.....
എങ്കിലും മനസ്സിന്റെ രണ്ടു കോണുകളില്‍ നിന്ന് അവര്‍ പിടിവലി തുടര്‍ന്ന് കൊണ്ടേയിരുന്നു..........

രാഹുല്‍, വിനീതിന്റെ ബെസ്റ്റ് ഫ്രണ്ട്.......
കല്യാണം കഴിഞ്ഞു അവള്ടെയും വിനീതിന്റെയും അടുത്തേക്ക് ആദ്യം ഓടി വന്നതും അവനാ......
"അളിയാ, മൈഡ് ഫോര്‍ ഈച്ച് അദര്‍, ഓര്‍ഡര്‍ എടുത്ത് ചെയ്യിപ്പിച്ച പോലെ ഉണ്ട്.."

പൊരുത്തങ്ങള്‍ പൊരുത്തക്കേടിലെക്ക് നടന്നുതുടങ്ങിയപ്പോള്‍....
രസക്കൂട്ടുകള്‍, രസംകൊല്ലികള്‍ ആയപ്പോള്‍....
സന്തോഷം സങ്കടത്തിന്റെ സ്പെല്ലിംഗ് തേടി തുടങ്ങിയപ്പോള്‍....
ഒടുവില്‍,
ഈ നീണ്ട കോടതി വരാന്തയില്‍ നിന്ന്‍ തിരക്കൊഴിഞ്ഞിറങ്ങുമ്പോള്‍,
അച്ഛന്‍ വിജയിച്ച വാശിയില്‍ മകള്‍ തോറ്റിറങ്ങുന്നത് കാണാന്‍ അവിടെ ആ അച്ഛനും ഉണ്ടായില്ല......

ഇളവെയില്‍ വീണു നരച്ച തുടങ്ങിയ ആകാത്ത് കൂട്ടം തെറ്റി പോയ ഒരു കിളി,
തന്റെ കൂടെ പറന്നവരെ കാണാഞ്ഞിട്ട് വട്ടം ചുറ്റിക്കൊണ്ടേയിരുന്നു.........
ഒടുവില്‍ നറുംവെളിച്ചം തേടി ദിശ മാറി, അകലേക്ക്....അകലേക്ക് ....


Feb 8, 2011

ഒരു ഏറ്റുപറച്ചിലിന്റെ ഓര്‍മയ്ക്ക്

പണ്ട് നമ്മുടെ ടൈറ്റാനിക് ഒരു കുഞ്ഞു കഷ്ണമെന്നു കരുതി
ഒരു വലിയ മലയില്‍ പാഞ്ഞു കയറി....
കൈ ഒന്ന് ഇറുക്കി അടക്കുമ്പോളേക്കും
ഉരുകിയൊലിക്കുന്ന ഐസ്, അന്ന് അലിഞ്ഞേ ഇല്ല...
ചിലപ്പോള്‍ ചിലത് അങ്ങനെയാണ്.....
നമ്മള്‍ വിചാരിക്കുമ്പോള്‍ നടക്കില്ല....
തീരെ വേണ്ടാത്തപ്പോള്‍ നടക്കുകയും ചെയ്യും......
അന്ന് ആ ഐസ് ഉരുകിയിരുന്നെങ്കില്‍
അത്രയും പേര് മരിക്കുമായിരുന്നോ.....?
ഇന്ന് ഇത് ഉരുകിയിരുന്നേല്‍
ഇല്ലായിരുന്നു; ഞാനും അവളും.........